India - 2024

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം

പ്രവാചകശബ്ദം 05-05-2022 - Thursday

പത്തനംതിട്ട: പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2021 മേയ് അഞ്ചിനാണ് വലിയ മെത്രാപ്പോലീത്ത നൂറ്റിമൂന്നാം വയസിൽ കാലം ചെയ്തത്. ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന അപൂർവ നേട്ടമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിനുള്ളത്. അക്കാലയളവിൽ ലോകത്തു തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പുമായിരുന്നു അദ്ദേഹം.

1918ൽ ജനിച്ച് ഒരു നൂറ്റാണ്ട് ഈ ലോകത്തു ജീവിക്കുകയും ഒരു സഭാധ്യക്ഷനെന്ന നിലയിൽ മാർഗദീപമാകുകയും ചെയ്ത മാർ ക്രിസോസ്റ്റത്തിന്റെ സ്മരണകൾ ഇന്നും തലമുറകൾക്ക് വഴികാട്ടിയാണ്.

2021 മെയ് അഞ്ചിന് പുലർച്ച വലിയ മെത്രാപ്പൊലീത്ത നൂറ്റിനാലാം വയസിൽ ജീവിതത്തോട് യാത്ര പറഞ്ഞപ്പോൾ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് തിരുവല്ലയിലേക്ക് ഒഴുകിയെത്തിയ ജനകൂട്ടം ആ വിശാല ഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചവരുടെ എണ്ണം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ. 101-ാം വയസിലും മാരാമൺ കൺവൻഷനിലെത്തി അദ്ദേഹം സന്ദേശം നല്‍കിയിരിന്നു.


Related Articles »