News - 2025
മതനിന്ദ ആരോപണത്തിന്റെ പേരില്‍ വേട്ടയാടുന്ന പാക്ക് ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്ക് പിന്തുണയുമായി മുസ്ലീം നേതാക്കള്‍
പ്രവാചക ശബ്ദം 13-05-2021 - Thursday
ലാഹോര്‍: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിന്റെ മറവില്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന മൂന്ന്‍ ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്ക് രാജ്യത്തെ ഉന്നത മുസ്ലീം നേതാക്കളുടെ പിന്തുണ. ആരോപണം നേരിടുന്ന നേഴ്സുമാര്‍ മതനിന്ദ നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാനിലെ ഉന്നത മുസ്ലീം പണ്ഡിതന്‍മാര്‍ അടങ്ങുന്ന ഉലെമാ ബോര്‍ഡ് പ്രഖ്യാപിച്ചു. ലാഹോര്‍ പീസ് സെന്റര്‍ ഡയറക്ടറായ ഫാ. ജെയിംസ് ചന്നന്‍ നടത്തിയ ഇടപെടലാണ് ആതുരസേവന രംഗത്ത് നിസ്വാര്‍ത്ഥ സേവനം ചെയ്തുകൊണ്ടിരുന്ന നിസ്സഹായരായ ക്രൈസ്തവ വിശ്വാസികളായ നേഴ്സുമാര്‍ക്ക് സഹായമായത്. ഫാ. ചന്നന്റെ അഭ്യര്‍ത്ഥന മാനിച്ച് പ്രശ്നത്തില്‍ ഇടപെട്ട ഉലെമാ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റ് സുബൈര്‍ ആബിദ് ഇരുപക്ഷത്തിന്റേയും വാദങ്ങള്‍ കേട്ടശേഷം ആരോപണ വിധേയരായ ക്രിസ്ത്യന്‍ നേഴ്സുമാര്‍ മതനിന്ദ നടത്തിയിട്ടില്ലെന്ന്‍ കണ്ടെത്തുകയായിരുന്നു.
വ്യാജ മതനിന്ദ ആരോപണത്തെ തുടര്‍ന്നു ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ മുസ്ലീം നേഴ്സുമാരും, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫും പ്രതിഷേധ പ്രകടനം നടത്തുകയും ക്രിസ്ത്യന്‍ നേഴ്സുമാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതിന് പിന്നാലേ ഒരു വീഡിയോ വാട്സാപ് ഗ്രൂപ്പില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇവര്‍ വീണ്ടും പ്രതികൂട്ടിലായത്. പാക്കിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യൂറോപ്യന്‍ യൂണിയന്റെ പ്രമേയത്തേക്കുറിച്ചും, പാക്കിസ്ഥാന് നല്‍കിക്കൊണ്ടിരിക്കുന്ന വ്യാപാര ആനുകൂല്യങ്ങള്‍ യൂറോപ്യന്‍ കമ്മീഷന്‍ റദ്ദാക്കണമെന്ന ആവശ്യത്തേക്കുറിച്ചുമുള്ള പാക്ക് സര്‍ക്കാരിന്റെ പ്രതികരണത്തെ വിമര്‍ശിക്കുന്ന ഉള്ളടക്കമായിരിന്നു വീഡിയോയില്‍ ഉള്ളത്. ഇത് മതനിന്ദ ആണെന്നു ആക്ഷേപത്തോടെ ചിലര്‍ നേഴ്സുമാര്‍ക്കു നേരെ തിരിയുകയായിരിന്നു.
ഒളിവില്‍ കഴിയുന്ന മൂന്ന്‍ നേഴ്സുമാരും ലാഹോര്‍ പീസ് സെന്ററുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ചന്നന്‍ സുബൈര്‍ ആബിദിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും പ്രശ്നത്തില്‍ ഇടപെടണമെന്ന്‍ അഭ്യര്‍ത്ഥിക്കുകയുമാണുണ്ടായത്. പ്രശ്നം പരിഹരിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫാ. ചന്നന്‍ മുസ്ലീം നേതാക്കള്‍ക്ക് നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപത്തിന് തന്നെ വഴിവെക്കാമായിരുന്ന ഈ സാഹചര്യം ശാന്തമാക്കുന്നതില്‍ സുബൈര്‍ ആബിദ് പ്രധാന പങ്കുവഹിച്ചുവെന്നു ഫാ. ചന്നന്‍ പറഞ്ഞു. ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമെന്നതിന്റെ തെളിവാണിതെന്ന്‍ പറഞ്ഞ അദ്ദേഹം നമ്മുടെ ജീവിതത്തില്‍ ആ അത്ഭുതങ്ങള്‍ നമുക്കനുഭവിക്കുവാന്‍ കഴിയുമെന്നും, ശത്രുക്കള്‍ പോലും അനുരജ്ഞനപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ വ്യാജ മതനിന്ദാരോപണം ഉന്നയിച്ച് കുടുക്കുന്ന പ്രവണതയ്ക്കെതിരെ നേരത്തെ മുതല്‍ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക