Life In Christ - 2024

പാവപ്പെട്ട കോവിഡ് രോഗികളെ ചേര്‍ത്തുപിടിച്ച് കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ്സ് സർവ്വകലാശാല

പ്രവാചക ശബ്ദം 18-05-2021 - Tuesday

കൊല്‍ക്കത്ത: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി സെന്റ് സേവ്യേഴ്സ്സ് സർവ്വകലാശാല കൊൽക്കത്തയിൽ പരിചരണ കേന്ദ്രങ്ങൾ തുറന്നു. കോവിഡ് അതിവേഗം പടരുന്നതും പ്രദേശത്തെ നിരവധി പാവപ്പെട്ട ഗ്രാമവാസികൾക്കു സാമൂഹ്യ അകലം പാലിച്ചു വീടുകളില്‍ കഴിയാന്‍ സൗകര്യമില്ലാത്തതുമായ പശ്ചാത്തലത്തിലാണ് സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. അയൽപക്കത്ത് പകർച്ചവ്യാധി താണ്ഡവമാടുമ്പോൾ ആളുകളുടെ ദുരിതം കണ്ടു നിഷ്‌ക്രിയരായി ഇരിക്കാൻ തങ്ങൾക്ക് കഴിയില്ലായെന്നും സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി എല്ലായ്‌പ്പോഴും ആളുകളുടെ ദുരിത സമയങ്ങളിൽ സഹായമെത്തിക്കാറുണ്ടെന്നും സർവ്വകലാശാലയുടെ വൈസ് ചാൻസലർ ഫാ. ഫെലിക്സ് രാജ് പറഞ്ഞു.

ക്യാംപസിലെ ഒരു പ്രീ-ഹോസ്പിറ്റലൈസേഷൻ സെന്ററിനു പുറമേ, അസൻസോൾ കത്തോലിക്കാ രൂപതയുമായി സഹകരിച്ച് 90 കിടക്കകളുള്ള മൂന്ന് ഐസൊലേഷൻ കേന്ദ്രങ്ങൾ സർവ്വകലാശാല ആരംഭിക്കും. ഓരോ കേന്ദ്രത്തിലും കിടക്കകൾ, ഓക്സിജൻ, നെബുലൈസറുകൾ, പരിശീലനം ലഭിച്ച നഴ്സുമാർ, കൂടാതെ ആവശ്യമനുസരിച്ചു ഡോക്ടറുടെ സേവനവും ലഭ്യമായിരിക്കും. ഭാരതത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ കൊൽക്കത്തയിൽ അടുത്തിടെ കോവിഡ് 19 കേസുകളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. പകർച്ചവ്യാധി കാരണം വൈദ്യസേവനം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിൽ കത്തോലിക്കാ സഭ മുൻപന്തിയിലുണ്ടാകുമെന്നു ബോംബെ ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നേരത്തെ പ്രസ്താവിച്ചിരിന്നു.

എല്ലാവർക്കും പ്രത്യേകിച്ചും സമൂഹത്തിന്റെ അതിർത്തിയിലുള്ള ആളുകൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി, 60,000 കിടക്കകൾ ഉൾപ്പെടുന്ന ആയിരം ആശുപത്രികൾ സഭയ്ക്കുണ്ട്. കൂടുതൽ വെന്റിലേറ്ററുകൾ വാങ്ങുന്നതിനും ഞങ്ങളുടെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ വർദ്ധിപ്പിക്കുന്നതിനും വേണ്ടി ധനസഹായം ഏകോപിപ്പിക്കുന്നുണ്ട്. ഈ സേവനം എല്ലാ മതത്തിലെയും വിശ്വാസത്തിലെയും ആളുകൾക്ക് ലഭ്യമാകുമെന്നും കർദ്ദിനാൾ ഗ്രേഷ്യസ് മെയ് 10നു പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.


Related Articles »