Life In Christ - 2024

ചാപ്പല്‍ ശിശുപരിചരണ കേന്ദ്രമാക്കി: തീപിടുത്തമുണ്ടായ ആശുപത്രിയിലെ നവജാത ശിശുക്കള്‍ക്ക് രക്ഷാകേന്ദ്രമൊരുക്കി കത്തോലിക്ക വൈദികര്‍

പ്രവാചക ശബ്ദം 21-05-2021 - Friday

മനില, ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനില ആശുപത്രിയിലെ മെറ്റേര്‍ണിറ്റി വാര്‍ഡില്‍ തീപിടുത്തമുണ്ടയതിനെ തുടര്‍ന്ന്‍ ഈശോസഭാംഗങ്ങളായ കത്തോലിക്കാ വൈദികര്‍ തങ്ങളുടെ ചാപ്പല്‍, നവജാത ശിശുക്കളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ശിശു പരിചരണ കേന്ദ്രമാക്കി മാറ്റി. ഏതാണ്ട് മുപ്പത്തിയഞ്ചോളം ശിശുക്കളെയാണ് ഈ ചാപ്പലിലേക്ക് മാറ്റിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 16-ന് എര്‍മിറ്റ ജില്ലയിലെ ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായി 2 ദിവസം കഴിഞ്ഞുവെങ്കിലും ശിശുക്കള്‍ ചാപ്പലില്‍ തന്നെയാണുള്ളതെന്ന് ഈശോസഭാംഗമായ ഫാ. മാര്‍ലിറ്റോ ഒക്കോണ്‍ വെളിപ്പെടുത്തി. ചാപ്പലില്‍ കഴിയുന്ന 35 ശിശുക്കളില്‍ 27 പേരുടെ നില ഗുരുതരമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധി കാരണമാണ് ചാപ്പലില്‍ കഴിയുന്ന 35 ശിശുക്കളെ ആശുപത്രിയിലേക്ക് മാറ്റുവാന്‍ കഴിയാത്തതെന്നാണ് ഫാ. മാര്‍ലിറ്റോ പറയുന്നത്. പുക ശ്വസിച്ചതിനാല്‍ ശ്വാസമെടുക്കുവാന്‍ ബുദ്ധിമുട്ടുള്ള ചില ശിശുക്കള്‍ക്ക് ഓക്സിജന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രദിവസത്തോളം ശിശുക്കള്‍ ചാപ്പലില്‍ ഉണ്ടായിരിക്കുമെന്നതിനെ കുറിച്ച് യാതൊരു നിശ്ചയവുമില്ല. തീപിടുത്തത്തില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ല. രോഗികളെല്ലാം അഗ്നിബാധയെ അതിജീവിച്ചു. ശിശു പരിചരണത്തിന് വേണ്ട പ്രധാന ഉപകരണങ്ങളെല്ലാം ചാപ്പലിലേക്ക് മാറ്റിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ സ്വയം രക്ഷപ്പെടുന്നതാണ് മനുഷ്യ പ്രകൃതമെങ്കിലും, പുകമൂലം കാഴ്ച മറഞ്ഞ സാഹചര്യത്തിലും തങ്ങളുടെ ജീവന്‍ പണയം വെച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരേയും സുരക്ഷിതരാക്കിയതെന്നു ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ഫാ. മാര്‍ലിറ്റോ ഫേസ്ബുക്കില്‍ കുറിച്ചു. കുട്ടികളുടെ പരിചരണത്തിനായി ഫാ. മാര്‍ലിറ്റോ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നാലുമണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണത്തിലാക്കിയത്.

More Archives >>

Page 1 of 61