News - 2025

നൈജീരിയയില്‍ വൈദിക നരനായാട്ട് തുടരുന്നു: യുവ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

പ്രവാചക ശബ്ദം 22-05-2021 - Saturday

അബൂജ: വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ ആക്രമണങ്ങള്‍ വീണ്ടും തുടര്‍ക്കഥ. ഇക്കഴിഞ്ഞ ദിവസം മെയ് 20ന് കട്സിന സംസ്ഥാനത്തിലെ സൊകോട്ടോ രൂപതയിലെ കത്തോലിക്കാ ദേവാലയത്തില്‍ തോക്കുധാരികളായ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. മാലുന്‍ഫാഷിയിലെ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ ഇടവക ദേവാലയം ആക്രമിച്ച അജ്ഞാതര്‍ ഇടവക വികാരിയായ ഫാ. അല്‍ഫോണ്‍സസ് ബെല്ലോയെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വൈദികന് മുപ്പതു വയസ്സായിരിന്നു.

കൊലയ്ക്ക് പിന്നാലെ എഴുപതു വയസ്സുള്ള മുന്‍വികാരി ഫാ. ജോ കെകെയെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തില്‍ മറ്റു ചിലര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയന്‍ കത്തോലിക്കാ സെക്രട്ടറിയേറ്റിന്റെ നാഷണല്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. മിക്കെ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മതബോധനസ്കൂളിന്റെ പിറകിലുള്ള കൃഷിയിടത്തില്‍ ഫാ. അല്‍ഫോണ്‍സസ് ബെല്ലോയുടെ ശരീരം കണ്ടെത്തിയെന്നും, ഫാ. ജോ കെകെ എവിടെയാണെന്ന് യാതൊരറിവുമില്ലെന്നും, തട്ടിക്കൊണ്ടുപോയവരുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫാ. ഉമോ വെളിപ്പെടുത്തി. കടൂണ അതിരൂപതാംഗമാണ് കൊല്ലപ്പെട്ട വൈദികന്‍. മാലുന്‍ഫാഷിയിലെ ഡീനായ ഫാ. സ്റ്റീഫന്‍ ഒജാപാ എം.എസ്.പിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 1:35-ന് ഇടവക ദേവാലയം ആക്രമിക്കപ്പെട്ട വിവരം ഫോണില്‍ വിളിച്ചറിയിച്ചതെന്നു ഫാ. ഉമോ പറഞ്ഞു. ഏതാണ്ട് 15 പേരടങ്ങുന്ന ആയുധധാരികളായ സംഘമാണ് ആക്രമണത്തിന്റെ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാ. ബെല്ലോയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കുവാനും, ഫാ. കെകെയുടെ സുരക്ഷിതമായ തിരിച്ചുവരവിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് സൊകോട്ടോ രൂപതയുടെ ചാന്‍സിലറായ ഫാ. കൊര്‍ണേലിയൂസ് ടാഗ്വായി വിശ്വാസികളോട് ആഹ്വാനം ചെയ്തു.

കത്തോലിക്കാ വൈദികര്‍ കൊല്ലപ്പെടുകയും, തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്യുന്നത് നൈജീരിയയില്‍ അനുദിന സംഭവമായി മാറിയിരിക്കുകയാണ്. കടൂണ സംസ്ഥാനത്തില്‍ ഒരു കത്തോലിക്ക വൈദികനടക്കം 11 പേര്‍ തട്ടിക്കൊണ്ടുപോകപ്പെടുകയും, 8 പേര്‍ കൊല്ലപ്പെടുകയും ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയന്‍ ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം വരുന്ന ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്ന തീവ്രവാദികളുടെ ലക്ഷ്യവും ഈ ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയം നേരത്തെ മുതല്‍ ശക്തമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »