Life In Christ

റോമില്‍ കൂട്ട പൗരോഹിത്യ സ്വീകരണം: തിരുപ്പട്ടം സ്വീകരിച്ചത് 14 രാജ്യങ്ങളില്‍ നിന്നുള്ള 27 ഡീക്കന്മാര്‍

പ്രവാചക ശബ്ദം 25-05-2021 - Tuesday

റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാൻസ്വെയിൻ 27 ഓപുസ് ദേയി ഡീക്കൻമാരെ ഇക്കഴിഞ്ഞ ശനിയാഴ്ച (മേയ് ഇരുപത്തിരണ്ടാം തീയതി) വൈദികരായി അഭിഷേകം ചെയ്തു. റോമിലെ സെന്റ് യൂജിൻ ദേവാലയത്തിൽ ആയിരുന്നു പൗരോഹിത്യ സ്വീകരണ ചടങ്ങുകൾ നടന്നത്. ഇംഗ്ലണ്ട്, ജപ്പാൻ, ബ്രസീൽ പെറു, കാനഡ തുടങ്ങി പതിനാലു രാജ്യങ്ങളിൽ നിന്നുള്ളവര്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഓപുസ് ദേയി തലവനായ മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസിന്റെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയുള്ള നിയന്ത്രണങ്ങൾ മൂലം നവ വൈദികരുടെ വളരെ അടുത്ത ചില ആളുകൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചുള്ളൂ.

കാലത്തിന് അനുസൃതമായി മാറാൻ വേണ്ടി സമൂഹത്തിൽനിന്ന് സമ്മര്‍ദ്ധം ഉണ്ടാകുമ്പോൾ ക്രിസ്തുവിൽ ഉറച്ചുനിൽക്കാൻ ആർച്ച് ബിഷപ്പ് ഗാൻസ്വെയിൻ നവ വൈദികരോടുളള തന്റെ വചനം സന്ദേശത്തിൽ ആഹ്വാനം ചെയ്തു. വ്യക്തികളെ ക്രിസ്തുവിലേക്ക് നയിക്കുന്നതിലും, അവരെ ക്രിസ്തുവിലും, ദൈവവചനത്തിലും ജീവിക്കാൻ പ്രേരിപ്പിക്കുന്നതിലുമാണ് പൗരോഹിത്യത്തിന്റെ പൂർണ്ണതയുളളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദികൻ ആയിരിക്കുക എന്നത് ഒരു പ്രവർത്തി അല്ല. മറിച്ച് ഒരു കൂദാശയാണ്. വൈദികരും, മെത്രാന്മാരും സുവിശേഷം ശക്തമായി പ്രഘോഷിക്കാതെ തങ്ങളുടെതന്നെ ചിന്ത പ്രഘോഷിക്കുന്നത് ഖേദകരമായ കാര്യമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. നവ വൈദികരെ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വിശുദ്ധ കുർബാനയ്ക്ക് ഒടുവിൽ മോൺസിഞ്ഞോർ ഫെർണാണ്ടോ ഒകാരിസ്, ആര്‍ച്ച് ബിഷപ്പ് ഗാൻസ്വെയിന്റെ സാന്നിധ്യത്തിന് നന്ദിപറഞ്ഞു. തങ്ങളുടെ മക്കളിൽ ദൈവവിളി പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്കും ഒകാരിസ് നന്ദി രേഖപ്പെടുത്തി. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി എന്ന സംഘടന ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »