News
കളിക്കളത്തില്‍ നിന്നു അള്‍ത്താരയിലേക്ക്: ഫിലിപ്പ് മുള്‍റൈന്‍ തിരുപട്ടം സ്വീകരിച്ചു
സ്വന്തം ലേഖകന്‍ 11-07-2017 - Tuesday
ഡബ്ലിന്‍: ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത ഫുട്ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഇനി അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിലെ ഡൊമിനിക് സ്ട്രീറ്റിലുള്ള സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ വച്ച് നടന്ന തിരുപട്ട ശുശ്രൂഷയില്‍ വിശ്വാസ തിരുസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ഡി നോയിയുടെ കൈവെപ്പ് വഴിയാണ് ഫിലിപ്പ് മുള്‍റൈന്‍ അഭിഷിക്തനായത്.
റോമിൽ നിന്നാണ് മുള്‍റൈന്റെ തിരുപ്പട്ട സ്വീകരണത്തിനായി ആർച്ച് ബിഷപ്പ് ജോസഫ് അഗസ്റ്റിൻ ഡി നോയി എത്തിച്ചേർന്നത്. നിങ്ങൾ എന്നെ തെരഞ്ഞടുക്കുകയല്ല,ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത് എന്ന യേശുവിന്റെ വാക്കുകൾ നമ്മുടെ വിശ്വാസം വീണ്ടും പ്രകടമാക്കുകയാണെന്നും യേശുനാമം ലോകമെങ്ങും പ്രഘോഷിക്കാനും മനുഷ്യവംശത്തിനായി ഒരു പുരോഹിതനായി സേവനം ചെയ്യാനും ഫിലിപ്പ് മുൾറൈനെ തെരഞ്ഞടുത്തിരിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ജോസഫ് അഗസ്റ്റിൻ തിരുപട്ടശുശ്രൂഷ മദ്ധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു.
ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. നോർവിച്ചിനായി കളിച്ച 135 മാച്ചിൽ നിന്ന് 600,000 വരെ യൂറോയാണ് ഒരു വർഷം അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. തുടർന്ന് നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞ മുൾറിൻ 2005- ൽ അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെടുകയും ലോകകപ്പിനായുള്ള രണ്ട് യോഗ്യത മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു.
പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്.
ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു. ന്യൂ ബ്രിഡ്ജിലെ ഡൊമിനിഷ്യൻ സന്ന്യാസ സമൂഹത്തിൽ നിയമിതനാകുന്ന ഫാ.മുൾറൈൻ വേനൽക്കാലത്ത് ന്യൂ ബ്രിഡ്ജ് കോളേജിലെ ചാപ്ലൈയൻസില്‍ ചേരും. ഇന്നലെ ബെല്‍ഫാസ്റ്റിലെ സെന്‍റ് ഒലിവര്‍& പ്ലങ്കറ്റ് ദേവാലയത്തില്‍ ഫിലിപ്പ് മുള്‍റൈന്‍ അര്‍പ്പിച്ച പ്രഥമ ദിവ്യബലിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.