News - 2025

ജീവന്റെ തുടിപ്പ്‌ തിരിച്ചറിയുന്ന ഘട്ടം മുതല്‍ ഗർഭഛിദ്രത്തിന് വിലക്ക്: ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവര്‍ണ്ണറും

പ്രവാചക ശബ്ദം 25-05-2021 - Tuesday

ടെക്സാസ്: ഗര്‍ഭഛിദ്രത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ നിലപാടെടുത്ത് അമേരിക്കയിലെ ടെക്സാസ് ഗവര്‍ണ്ണര്‍. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ്‌ തിരിച്ചറിയുന്ന ഘട്ടം മുതലുള്ള ഗർഭഛിദ്രം വിലക്കുന്ന ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ടെക്സാസ് ഗവര്‍ണര്‍ ഗ്രെഗ് അബ്ബോട്ട് കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇതോടെ ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെക്കുന്ന ഏറ്റവും വലിപ്പമേറിയതും ഏറ്റവും ഒടുവിലത്തേയും സംസ്ഥാനമായി മാറിയിരിക്കുകയാണ് ടെക്സാസ്. ‘ജീവിക്കുവാനുള്ള അവകാശത്തോടെയാണ് സൃഷ്ടാവ് നമ്മളെ സൃഷ്ടിച്ചതെന്ന്‍’ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ടെക്സാസ് ഗവര്‍ണര്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ‘സെനറ്റ് ബില്‍ 8’ ഒപ്പുവെച്ച് നിയമമാക്കിയത്. സെപ്റ്റംബര്‍ ഒന്നിന് നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുറ്റും കൂടിനിന്നവരുടെ കരഘോഷങ്ങള്‍ക്കിടയിലായിരിന്നു ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്.

ഗര്‍ഭഛിദ്രം കാരണം ഓരോവര്‍ഷവും ദശലക്ഷകണക്കിന് കുട്ടികള്‍ക്ക് ജീവിക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുണ്ടെന്നും, ടെക്സാസില്‍ ആ ജീവനുകളെ രക്ഷിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അബോട്ട്‌ പറഞ്ഞു. ഗര്‍ഭസ്ഥശിശുവില്‍ ഹൃദയമിടിപ്പ് തിരിച്ചറിഞ്ഞാല്‍ അബോര്‍ഷന്‍ ചെയ്യുകയോ, അബോര്‍ഷനായി സ്ത്രീകളെ പ്രേരിപ്പിക്കുകയോ ചെയ്യുന്നതില്‍ നിന്നും ഡോക്ടര്‍മാരെ വിലക്കുന്നതാണ് സെനറ്റ് ബില്‍ 8. അള്‍ട്രാസൗണ്ടില്‍ ശിശുവിന്റെ ഹൃദയമിടിപ്പ്‌ തിരിച്ചറിയുവാന്‍ പരാജയപ്പെടുന്ന സാഹചര്യത്തിലും അബോര്‍ഷന്‍ വിലക്കിയിട്ടുണ്ട്. ഹൃദയമിടിപ്പ്‌ തിരിച്ചറിഞ്ഞ ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ഷന്‍ ചെയ്യുകയോ, അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പരാതിപ്പെടുവാന്‍ പൗരന്‍മാര്‍ക്ക് അനുവാദം നല്‍കുന്നതിനോടൊപ്പം, ഇന്‍ഷൂറന്‍സ്, അബോര്‍ഷന് ചിലവായ തുക നല്‍കുക പോലെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ അറിഞ്ഞുകൊണ്ട് അബോര്‍ഷനെ സഹായിക്കുന്നതും ബില്ലില്‍ വിലക്കിയിട്ടുണ്ട്.

ബില്ലില്‍ ഒപ്പുവെച്ച അബ്ബോട്ടിനെ അഭിനന്ദിച്ചുകൊണ്ട് പ്രമുഖ പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ബില്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന് ‘ടെക്സാസ് റൈറ്റ് റ്റു ലൈഫ്’ എന്ന സംഘടന പ്രസ്താവിച്ചു. ‘നാഴികക്കല്ലായ വിജയം’ എന്നാണ് സംഘടന ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മിസ്സിസ്സിപ്പി, ജോര്‍ജ്ജിയ, മിസ്സോറി എന്നീ സംസ്ഥാനങ്ങളും സമാനമായ ഹാര്‍ട്ട്ബീറ്റ് ബില്ലുകള്‍ പാസ്സാക്കിയിട്ടുണ്ട്. മിസ്സിസ്സിപ്പി സംസ്ഥാനം പാസ്സാക്കിയ ഹാര്‍ട്ട്ബീറ്റ് ബില്ലിനെതിരെയുള്ള കേസ് സ്വീകരിക്കുമെന്ന് യു.എസ് സുപ്രീം കോടതി സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ടെക്സാസ് ഹാര്‍ട്ട്ബീറ്റ് ബില്ലില്‍ ഒപ്പുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »