News - 2025
ജോ ബൈഡന്‍ ഈ മാസം മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും?
പ്രവാചക ശബ്ദം 07-06-2021 - Monday
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോര്‍ട്ട്. ജൂണ്‍ 15നു ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ സിഎന്‍എ വത്തിക്കാന്‍ കൂരിയയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 11-13 തീയതികളില്‍ യുകെയില്‍ നടക്കുന്ന ജി7 സമ്മേളനം, ജൂണ്‍ 14നു നടക്കുന്ന നാറ്റോ ഉച്ചകോടി, ജൂണ്‍ 15നു നടക്കുന്ന യുറോപ്യന്‍ യൂണിയന്‍ സമ്മേളനം എന്നിവയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് യൂറോപ്പിലെത്തുന്നത്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം വത്തിക്കാനില്‍ എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പാപ്പയും ബൈഡനും തമ്മില്‍ ടെലിഫോണില്‍ സംസാരിച്ചിരിന്നു. ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍. അതേസമയം ഗര്‍ഭഛിദ്ര അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കന്‍ മെത്രാന്‍മാരില്‍ നിന്ന്‍ വിമര്‍ശനം ഏറ്റുവാങ്ങിയ വ്യക്തികൂടിയാണ് ബൈഡന്‍. അധികാരത്തിലേറിയ ശേഷം ഗര്‍ഭഛിദ്ര അനുകൂല നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിരിന്നു. ഇതിനിടെ അര്‍മേനിയയില്‍ തുര്‍ക്കി നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയെ 'വംശഹത്യ' എന്ന്‍ അദ്ദേഹം വിശേഷിപ്പിച്ചിരിന്നു. ഈ വിശേഷണം നല്കിയ ആദ്യ യുഎസ് പ്രസിഡന്‍റാണ് അദ്ദേഹം. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായും ബൈഡന്‍ ചര്‍ച്ച നടത്തുന്നുണ്ട്.