Arts

കോവിഡ് കാലത്ത് വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുറന്നുക്കാട്ടി വീഡിയോ പരമ്പര

പ്രവാചകശബ്ദം 22-06-2021 - Tuesday

ജെറുസലേം: കൊറോണ മഹാമാരിമൂലം തീര്‍ത്ഥാടകര്‍ നിലച്ചതോടെ ജീവിതം വഴിമുട്ടിയ വിശുദ്ധനാട്ടിലെ ക്രൈസ്തവരെ കുറിച്ച് ജെറുസലേമിലെ ഫ്രാന്‍സിസ്കന്‍ വൈദികന്‍ നിര്‍മ്മിച്ച വീഡിയോ പരമ്പര വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍ക്കാഴ്ചയാകുന്നു. കൊറോണ കാലത്ത് വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികളേപ്പോലെ കഷ്ടപ്പെടുന്ന മറ്റൊരു ജനവിഭാഗവും ഉണ്ടാകില്ലെന്നും പകര്‍ച്ചവ്യാധി ജെറുസലേമിലെ ക്രിസ്ത്യാനികളുടെ ജീവിതത്തെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നതാണ് ‘ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദി ഹോളി ലാന്‍ഡ്’ പ്രസിഡന്റും അമേരിക്കക്കാരനുമായ ഫാ. പീറ്റര്‍ വാസ്ക്കോ നിര്‍മ്മിച്ച “വോക്ക് വിത്ത് ഫാദര്‍ പീറ്റര്‍” വീഡിയോ പരമ്പര.

ജെറുസലേമിലേയും, ബെത്ലഹേമിലേയും തെരുവുകളിലൂടെയും, കുരിശിന്റെ വഴിയിലൂടെയും നേരിട്ടുപോകുന്ന അനുഭവമാണ് വീഡിയോ പരമ്പര കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നത്. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യവും, അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളും നിലനിര്‍ത്തുവാന്‍ പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്ത്യാനികളില്‍ അവബോധം വളര്‍ത്തുകയാണ് ‘കാത്തലിക് മീഡിയ സെന്ററിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച വീഡിയോ പരമ്പരയുടെ ലക്ഷ്യം. വീഡിയോ പരമ്പരയുടെ ആദ്യ ഭാഗം കഴിഞ്ഞ വര്‍ഷവും മൂന്നാം ഭാഗം മാര്‍ച്ചിലുമാണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

വളരെക്കുറച്ച് പേര്‍ മാത്രമാണ് നിലവില്‍ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നതെന്നും, 2021-ന്റെ അവസാനത്തോടെ പുതിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുമെന്ന്‍ പ്രതീഷിക്കുന്നതായി ഇസ്രയേല്‍ ടൂറിസം മന്ത്രി പറഞ്ഞിട്ടുണ്ടെന്നും പ്രമുഖ കത്തോലിക്കാ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റായ ‘അലീഷ്യ’യ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഫാ. പീറ്റര്‍ പറഞ്ഞു. ഇസ്രായേലില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനാല്‍ നാമമാത്ര നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെങ്കിലും, എന്നാല്‍ ബെത്ലഹേമിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും ജെറുസലേം, ബെത്ലഹേം എന്നിവിടങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകരെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കച്ചവടക്കാരുടെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ചിലര്‍ പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ക്ക് വലിയ കഷ്ടപ്പാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭക്ഷണസാധനങ്ങളും, അവശ്യ സാധനങ്ങളും ലഭ്യമാക്കുന്നതിനായി പതിനായിരകണക്കിന് ഡോളറാണ് ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍ ചിലവഴിച്ചുകൊണ്ടിരിക്കുന്നതെന്ന്‍ 'ഫ്രാന്‍സിസ്കന്‍ ഫൗണ്ടേഷന്‍' വിശുദ്ധനാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കവേ ഫാ. പീറ്റര്‍ പറഞ്ഞു.

ഫൗണ്ടേഷന്റെ കീഴിലുള്ള ബോയ്സ് ഹോമിലെ ആണ്‍കുട്ടികള്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ മാര്‍ക്കറ്റിംഗ് മേഖലയിലെ ഉന്നത ജോലി ഉപേക്ഷിച്ചാണ് ഫാ. പീറ്റര്‍ നേരത്തെ തിരുപ്പട്ടം സ്വീകരിച്ചത്. മറീന്‍ സുരക്ഷാ ഗാര്‍ഡുകളുടെ അനൌദ്യോഗിക ചാപ്ലൈനായി സേവനം ചെയ്തിട്ടുള്ള ഫാ. പീറ്ററിന് യു.എസ് മറീന്‍ കോര്‍പ്സിന്റെ ‘ഹോണററി മറീന്‍’ പദവിയും ലഭിച്ചിട്ടുണ്ട്.

More Archives >>

Page 1 of 28