News

അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ സംരക്ഷണം ആവശ്യപ്പെടുന്ന പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി

പ്രവാചകശബ്ദം 29-06-2021 - Tuesday

കാന്‍ബറ: ഇറാഖിലെ അസ്സീറിയന്‍ ജനത യഥാര്‍ത്ഥ ഇറാഖി പൗരന്‍മാരും, തദ്ദേശീയരുമാണെന്ന് പ്രഖ്യാപിക്കുന്ന സമഗ്ര പ്രമേയം ഓസ്ട്രേലിയന്‍ ജനപ്രതിനിധിസഭ പാസ്സാക്കി. ‘അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ ഓസ്ട്രേലിയ’യുടെ (എ.എന്‍.സി) അഭ്യര്‍ത്ഥന മാനിച്ചാണ് പ്രമേയം പാസ്സാക്കിയത്. അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ഇറാഖി മതന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുവാനും, 2016-ല്‍ ഇറാഖി സര്‍ക്കാര്‍ അംഗീകരിച്ചതനുസരിച്ച് നിനവേ താഴ്‌വര ഉള്‍പ്പെടുന്ന മേഖലയെ സ്വയംഭരണാധികാരമുള്ള മേഖലയായി മാറ്റുന്നതിനും, വടക്കന്‍ ഇറാഖില്‍ ആയിരകണക്കിന് അസ്സീറിയക്കാരുടെ പലായനത്തിനു കാരണമായ തുര്‍ക്കിയുടെ സൈനീക ഇടപെടലുകള്‍ ഉടന്‍ അവസാനിപ്പിക്കുവാനും വേണ്ട നടപടികള്‍ കൈകൊള്ളണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

മക്മാഹോന്‍ ജനപ്രതിനിധി ക്രിസ് ബോവന്‍ അവതരിപ്പിച്ച പ്രമേയം യാതൊരു എതിര്‍പ്പും കൂടാതെയാണ് പാസ്സാക്കിയത്. അസ്സീറിയന്‍ നാഷ്ണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഹെര്‍മിസ് ഷാഹെന്‍, അസ്സീറിയന്‍ ഓസ്ട്രേലിയന്‍ നാഷ്ണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഡേവിഡ് ഡേവിഡ്, സെന്റ്‌ സായാ അസോസിയേഷന്‍ പ്രസിഡന്റ് ക്കന്‍ മൈക്ക് റാഷോ, അസ്സീറിയന്‍ ഖാബുര്‍ അസോസിയേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പ്രമേയം സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തിരിന്നു. ലോകത്തെ അസ്സീറിയന്‍ ക്രൈസ്തവ ജനത അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള വിവരണത്തിന് ശേഷമായിരുന്നു പ്രമേയം അവതരിപ്പിച്ചത്. സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമാണ് ഇറാഖിലെ അസ്സീറിയന്‍ ജനതയുടെ ജീവിതം നരകതുല്യമായത്.

2000-ല്‍ ഇറാഖില്‍ ഏതാണ്ട് പത്തുലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് അനുമാനിക്കപ്പെട്ടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും ഒന്നര ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണുള്ളതെന്ന് പ്രമേയത്തില്‍ പറയുന്നു. അസ്സീറിയന്‍ ജനതക്കെതിരെ തലമുറകളായി നടന്നുകൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തല്‍ ഇപ്പോഴും തുടരുകയാണ്. ‘ഔര്‍ ലേഡി ഓഫ് സാല്‍വേഷന്‍’ ദേവാലയത്തില്‍ നടന്ന ഭീകരമായ കൂട്ടക്കൊല ഇതിനൊരുദാഹരണം മാത്രമാണെന്ന് പ്രമേയത്തില്‍ പറയുന്നു. അസ്സീറിയന്‍ ജനതയ്ക്കൊരു മാതൃരാജ്യത്തിനായി ഇറാഖി സര്‍ക്കാര്‍ 2016-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നെങ്കിലും അതും സംഭവിച്ചിട്ടില്ലെന്നു പ്രമേയം ചൂണ്ടിക്കാട്ടി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണങ്ങള്‍ കാരണം പലായനം ചെയ്ത അസ്സീറിയന്‍ ജനത തുര്‍ക്കിയുടെ ബോംബാക്രമണത്തില്‍ അനുഭവിക്കുന്ന കഷ്ടതകളെക്കുറിച്ചും പ്രമേയത്തില്‍ പരാമര്‍ശമുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 667