Seasonal Reflections - 2025
ദുക്റാന ദിനത്തിലെ ജോസഫ് ചിന്ത
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 03-07-2021 - Saturday
ഈശോ പിതാവിലേക്കുള്ള വഴി എന്നു കാണിച്ചു തന്ന അപ്പസ്തോലനാണ് വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ദിനത്തിൽ തോമാശ്ലീഹായ്ക്കൊപ്പമാകട്ടെ ഇന്നത്തെ ജോസഫ് ചിന്ത. ഈശോ തന്‍റെ സ്നേഹിതൻ ലാസർ രോഗിയായപ്പോൾ കാണാന്‍ പോകുന്ന അവസരത്തിൽ തീരുമാനിച്ച വേളയിലാണ്, തോമാശ്ലീഹായുടെ വിശ്വസ്തത വെളിവാകുക. അവർ ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുമ്പോൾ.
ഈശോയുടെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വെറുത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്തോലന്മാര്‍ അവനെ വിലക്കുമ്പോൾ തോമാശ്ലീഹാ മറ്റു ശിഷ്യരോടു പറയുന്നതായി യോഹന്നാൻ സുവിശേഷകന്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു. "ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” (യോഹ 11:16). ഈശോയോടൊപ്പം മരിക്കാൻ തയ്യാറായ വ്യക്തിയായിരുന്നു തോമാശ്ലീഹാ. ഈശോയുടെ പ്രബോധനങ്ങൾ കേട്ട് മൂന്നു വർഷം കൂടെ താമസിച്ചതിനു ശേഷമാണ് തോമസിനു ഈ ബോധ്യം കൈവന്നത്.
ഈശോയുടെ പ്രബോധനങ്ങളും വാക്കുകളും കേൾക്കും മുമ്പേ ഈശോയോടൊപ്പം മരണത്തിൻ്റെ താഴ് വരയിലൂടെ നടന്ന വ്യക്തിയാണ്. യൗസേപ്പിതാവ്. ഹോറോദേസു രാജാവിൻ്റെ ഭീക്ഷണിയെ തുടർന്നു സ്വദേശത്തു നിന്നു പലായനം ചെയ്യാൻ ദൈവകല്പനപ്രകാരം തയ്യാറാകുമ്പോൾ നിശബ്ദനായ യൗസേപ്പിതാവ് ഒരു പക്ഷേ മനസ്സിൽ പല തവണ പറഞ്ഞിട്ടുണ്ടാവാം ഈശോയ്ക്കു വേണ്ടി മരിക്കാൻ ഞാനും സന്നദ്ധനാണന്ന്. മരണത്തിന്റെ താഴ്‌വരയിൽ ഈശോയൊടൊപ്പം സഞ്ചരിക്കാൻ തിരുമനസ്സായ യൗസേപ്പിതാവും ഭാരതപ്പസ്തോലനായ തോമാശ്ലീഹായും വിശ്വാസ ജീവിതയാത്രയിൽ നമുക്കു ശക്തി പകരട്ടെ.