News - 2025
കത്തീഡ്രല്‍ ദേവാലയം പുനരുദ്ധരിക്കുവാന്‍ 2 കോടി രൂപ അനുവദിച്ച് ഒഡീഷ മുഖ്യമന്ത്രി
പ്രവാചകശബ്ദം 06-07-2021 - Tuesday
ഭുവനേശ്വര്‍: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ സെന്റ് വിന്‍സെന്റ്’കത്തീഡ്രല്‍ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് 2 കോടി രൂപ അനുവദിച്ചു. കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മധ്യസ്ഥനായ വിശുദ്ധ തോമസ് ശ്ലീഹായുടെ ഓര്‍മ്മതിരുനാളായ ജൂലൈ 3ന് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കവേ ഭുവനേശ്വര്‍ എം.എല്‍.എ അനന്ത നാരായണ ജെനയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ ക്രിസ്ത്യന്‍ തീര്‍ത്ഥാടനകേന്ദ്രത്തിന് പുതിയ രൂപം നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് ജെന പറഞ്ഞു. മൂന്ന്‍ നിലകളോട് കൂടിയ പുതിയ കെട്ടിടവും, ആധുനിക ശൈലിയില്‍ കലാപരമായ അലങ്കാരത്തിനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്നും ജെന പറഞ്ഞു. ജാതിയോ, മതമോ, ഗോത്രമോ കണക്കിലെടുക്കാതെ എല്ലാ ജനവിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് സംസ്ഥാന മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാപ്പോലീത്ത ജോണ്‍ ബര്‍വ്വ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹ്യ, ആത്മീയ വളര്‍ച്ചക്കായി പട്നായിക് നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിനായി മെത്രാപ്പോലീത്ത പ്രാര്‍ത്ഥിച്ചു. 1970 വര്‍ഷങ്ങളായുള്ള ഇന്ത്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്ന ദിവസം കൂടിയാണ് ഇക്കൊല്ലത്തെ ജൂലൈ മൂന്നെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി 52-ല്‍ കേരളത്തില്‍ കാലുകുത്തിയ വിശുദ്ധ തോമാശ്ലീഹായിലുള്ള തങ്ങളുടെ വിശ്വാസത്തിന്റെ യഥാര്‍ത്ഥ ഉത്ഭവത്തേ ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ പിന്തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപരമായ കാര്യങ്ങള്‍ക്ക് 1958-ല്‍ അന്നത്തെ ഒഡീഷ സര്‍ക്കാര്‍ നീണ്ട കാലത്തെ ലീസ് അടിസ്ഥാനത്തില്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ഭുവനേശ്വറിലെ ഇരുപതിനായിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആശ്രയവും അഭയവുമായ പ്രോകത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ‘സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് അന്നെസി’ സഭാംഗങ്ങളായ സന്യാസിനികളുടെ ഭുവനേശ്വറിലേക്കുള്ള വരവോടെയാണ് ദേവാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. 1951 മാര്‍ച്ച് 5ന് സ്വകാര്യ ചാപ്പല്‍ നിര്‍മ്മിക്കുവാന്‍ ഇവര്‍ക്ക് അനുവാദം ലഭിച്ചു. 1958-ല്‍ ചാപ്പല്‍ ഒരു അര്‍ദ്ധ പൊതു ദേവാലയമായി പ്രഖ്യാപിക്കപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാ. ആന്റണി അട്ടൂലി ദേവാലയത്തിലെ ആദ്യ വികാരിയായി നിയമിതനായി. ഇന്ന് കാണുന്ന ദേവാലയത്തിന്റെ തറക്കല്ലിടല്‍ 1963 ഏപ്രിലിലായിരുന്നു. 1968 ഡിസംബര്‍ 24നു ദേവാലയ കൂദാശ നടത്തി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക