India - 2025
ഡല്‍ഹി സംഭവം: പ്രതിഷേധവുമായി വിവിധ രൂപതകള്‍
പ്രവാചകശബ്ദം 13-07-2021 - Tuesday
കൊച്ചി: സീറോ മലബാർ ഫരിദാബാദ് രൂപതയുടെ ലാഡോസരായി അരിയാ മോഡ് ലിറ്റിൽ ഫ്ളവർ ഇടവക ദേവാലയം തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. എറണാകുളം അങ്കമാലി അതിരൂപത, തൃശൂര്‍ അതിരൂപത, മാനന്തവാടി, ഇരിങ്ങാലക്കുട രൂപതകള്‍ അടക്കം നിരവധി രൂപതകള്‍ സംഭവത്തെ അപലപിച്ചുക്കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ദേവാലയം തകര്‍ക്കപ്പെട്ട സംഭവം അതീവ ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ പ്രസ്താവനയിൽ അറിയിച്ചു. പള്ളിക്ക് ഇഷ്ടദാനമായി ലഭിച്ച സ്ഥലത്ത് സർക്കാർ നിയന്ത്രണങ്ങൾ പാലിച്ച് താത്ക്കാലിക ഷെഡ്ഡായി നിർമ്മിച്ച് ഉപയോഗിച്ചു വന്നിരുന്ന ദേവാലയം കഴിഞ്ഞ പത്തുവർഷമായി നാന്നൂറിലധികം കുടുംബങ്ങളുടെ ആത്മീയ അജപാലനാവശ്യങ്ങൾ നിറവേറ്റി വരികയായിരുന്നു. നിർഭാഗ്യകരമായ ഈ സംഭവത്തിലുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രതിഷേധവും, രൂപതാദ്ധ്യക്ഷനായ കുര്യാക്കോസ് ഭരണികുളങ്ങര പിതാവിനോടും വൈദിക വിശ്വാസി സമൂഹത്തോടുള്ള പിന്തുണയും അറിയിക്കുകയും പ്രശ്നത്തിന് നീതിപൂർവ്വകമായ പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും മാർ ആന്റണി കരിയിൽ കുറിച്ചു.
പള്ളി തകർത്തത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് തൃശൂർ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രണ്ടായിരത്തോളം വരുന്ന പ്രവാസികളായ സീറോ മലബാർ വിശ്വാസികളുടെ ഈ ആരാധന ആലയം യാതൊരു മുന്നറിയിപ്പുമില്ലാതെ നിയമവിരുദ്ധമായി ജെസിബി ഉപയോഗിച്ച് നിലംപരിശാക്കിയത് മനുഷ്യാവകാശലംഘനവും ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്തിൽ അതിരൂപതാ കേന്ദ്രത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗം വിലയിരുത്തി.
സ്ഥല ഉടമസ്ഥാവകാശത്തിന്റെ രേഖകളും, ആരാധന തടയുകയോ പള്ളി പൊളിക്കുകയോ ചെയ്യരുത് എന്ന ഡൽഹി ഹൈക്കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകളും കൈവശമിരിക്കെയാണ് മതവിരോധം മാത്രം ലക്ഷ്യം വെച്ചുള്ള ഉദ്ദ്യോഗസ്ഥരുടെ കിരാതവാഴ്ച്ച. സീറോ മലബാർ ഫരീദാ ബാദ് രൂപതയുടെ കിഴിലുള്ള 450-ലേറെ കുടുംബങ്ങളുള്ള ഏറ്റവും വലിയ ഈ ഇടവകയിൽ ഇടവകാംഗം നല്കിയ സ്ഥലത്താണ് 13 വർഷങ്ങൾക്കുമുമ്പ് പള്ളി നിലനിന്നിരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കൊതിരെയുള്ള പരസ്യമായ വെല്ലുവിളിയാണ് ഡൽഹിയിൽ ക്രൈസ്തവദേവാലയം തകർത്ത സംഭവമെന്ന് മാർ ആൻഡ്രൂസ് താഴത്ത് അപലപിച്ചുകൊണ്ട് പറഞ്ഞു.
അതിരൂപതാ കാര്യാലയത്തിൽ നടന്ന സംയുക്ത പ്രതിഷേധ യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. തോമസ് കാക്കശ്ശേരി, മോൺ ജോസ് വല്ലൂരാൻ, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന, സംഘടന ഏകോപന സമിതി സെകട്ടറി എ.എ. ആന്റണി, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡണ്ട് അഡ്വ. ബിജു കുണ്ടുകുളം, കുടുംബകൂട്ടായ്മ അതിരൂപത പ്രസിഡണ്ട് പോൾ പാറയ്ക്കൽ, അതിരൂപത പിആർഒ പ്രസിഡണ്ട് ശ്രീ ജോർജ്ജ് ചിറമ്മേൽ എന്നിവർ പ്രസംഗിച്ചു. പ്രസ്തുത പ്രതിഷേധത്തിൽ അതിരൂപതയിലെ വിവിധ സംഘടനകളും കുടുംബകൂട്ടായ്മകളും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രതിഷേധം രേഖപ്പെടുത്തണമെന്ന് അതിരൂപത പിആർഒ ഫാ. നൈസൺ ഏലന്താനത്ത് അറിയിച്ചു.
ദേവാലയം ഇടിച്ചു നിരത്തിയ സംഭവം തികച്ചും അപലപനീയമാണെന്ന് മാനന്തവാടി രൂപത പ്രസ്താവനയില്‍ കുറിച്ചു. സ്ഥലത്തിന്റെ രേഖകള്‍ കൈവശമുണ്ടാവുകയും ഹൈക്കോടതി ഉത്തരവ് നില നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബലം പ്രയോഗിച്ച് ദേവാലയം പൊളിച്ചത് ഭാരതത്തിലെ ക്രൈസ്തവന്യൂനപക്ഷത്തിന് അനല്പമായ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സി സാമാന്യ നീതി പോലും നല്കാതെ തടങ്കലില്‍ പാര്‍പ്പിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമുളവാക്കിയ ഞെട്ടലില്‍ നിന്ന് മുക്തരാകുന്നതിന് മുമ്പേയാണ് ഈ പള്ളിതകര്‍ക്കലും അരങ്ങേറിയിരിക്കുന്നത്. പള്ളി സംരക്ഷിക്കണമെന്ന കോടതി വിധി നിലനിൽക്കെ നിയമപാലകർ തന്നെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിൽ പ്രവർത്തിച്ചത് തികച്ചും അപലപനീയമാണെന്നും മാനന്തവാടി രൂപത പ്രസ്താവിച്ചു.
കത്തോലിക്കാ ദേവാലയം യാതൊരു മുന്നറിയിപ്പുമില്ലാതെ അതിനീചമായി പൊളിച്ചു മാറ്റിയതിൽ ഇരിങ്ങാലക്കുട രൂപതയും പ്രതിഷേധം അറിയിച്ചു. വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന പള്ളി വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പൂജ്യമായ ഇടം തന്നെയാണ്. വിശുദ്ധ കുർബാനയെ അവഹേളിക്കുകയും പൂജ്യവസ്തുക്കൾ ഉൾപ്പെടെ എല്ലാം ജെസിബി ഉപയോഗിച്ച് തകർക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് രൂപതാധ്യക്ഷൻ പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ഇത്തരം പ്രവണതകൾ മതേതര രാഷ്ട്രമായ ഇന്ത്യയുടെ യശസ്സിന് കളങ്കമാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു
ആദിവാസികളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച ജസ്യൂട്ട് വൈദികൻ സ്റ്റാൻ സ്വാമിയെ തടവില്‍ പാർപ്പിക്കുകയും അദ്ദേഹത്തിന്റെ മരണത്തിനു വഴിയൊരുക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഒരാഴ്ചപോലും കഴിയുന്നതിനു വീണ്ടും കത്തോലിക്കാ സഭയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കു പിന്നിൽ ആരുതന്നെയായാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് ഇരിങ്ങാലക്കുട രൂപത പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭിപ്രായപ്പെട്ടു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക