Life In Christ - 2024
സിസ്റ്റർ ഫിദേലിസ് തളിയത്തിന്റ നാമകരണ നടപടികൾക്ക് ആരംഭം
പ്രവാചകശബ്ദം 15-07-2021 - Thursday
ഫരീദാബാദ്: ഗാസിയാബാദ് ശാന്തി ധാം പ്രാവിൻസ് അംഗമായിരുന്ന സന്യാസിനി സിസ്റ്റർ ഫിദേ ലിസ് തളിയത്തിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനായി ഫരീദാബാദ് രൂപത നാമകരണ നടപടികൾ ആരംഭിച്ചു. ഇന്നലെ, ജൂലൈ പതിനാലാം തിയതി ഗാസിയാബാദിൽ ഉള്ള ശാന്തി ധാം എസ് ഡി പ്രൊവിൻഷ്യൽ ഹൗസിൽവച്ച് നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര സിസ്റ്റർ ഡോക്ടർ ഫിദേലിസ് തളിയത്ത് എസ് ഡിയുടെ രൂപതാ തലത്തിലുള്ള നാമകരണ നടപടികൾക്ക് തുടക്കം കുറിച്ചു. രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ പരിപാടി ആരംഭിച്ചു. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. കുർബാനയ്ക്കുശേഷം ആർച്ച്ബിഷപ്പിന്റെ അദ്ധ്യക്ഷതയിൽ നാമകരണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങ് നടത്തപ്പെടുകയും നാമകരണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. നാമകരണ നടപടികളുടെ ആരംഭത്തോടുകൂടി സിസ്റ്റര്‍ ഡോക്ടര്‍ ഫിദേലിസ് തളിയത്ത് ദൈവദാസിയുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.
സിസ്റ്റർ റാൻസി കിടങ്ങൻ സമർപ്പിച്ച അപേക്ഷക്ക് റോമിൽ നിന്നും ലഭിച്ച അനുമതി പ്രകാരം നാമകരണ നടപടികളുടെ ആരംഭം ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചു. നാമകരണ നടപടികൾക്കായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയിൽ ഫാ. മാർട്ടിൻ പാലമറ്റം എപ്പിസ്കോപ്പൽ ഡെലഗേറ്റായും ഫാ. ജോർജ് മണിമല പ്രൊമോട്ടർ ഓഫ് ജസ്റ്റിസ് ആയും സിസ്റ്റർ അരുണ ജോസ് സി എച്ച് എഫ് നോട്ടറി ആയും സിസ്റ്റർ കാതറിൻ എസ് എ ബി എസ് അഡ്ജഗ്റ്റ് നോട്ടറി ആയും സിസ്റ്റർ സജിത എസ് ഡി കോപ്പിയിസ്റ്റ് ആയും നിയമിതരായി. നാമകരണ നടപടികളുടെ ഭാഗമായി ദൈവദാസി സിസ്റ്റർ ഫിദേലിസിന്റെ ജീവിതം പഠിച്ച് വിലയിരുത്തുന്നതിനായി നാല് അംഗങ്ങൾ അടങ്ങുന്ന ഒരു ഹിസ്റ്റോറിക്കൽ കമ്മിഷനേയും ആർച്ച്ബിഷപ്പ് നിയമിച്ചു. ഫാ. അഗസ്റ്റിൻ പെരുമാലിൽ എസ് ജെ , ഫാ. പൗലോസ് മൻഗായി എസ് ജെ , ഫാ. എബിൻ കുന്നപ്പിള്ളിൽ, സിസ്റ്റർ രൻജന എസ് ഡി എന്നിവരാണ് ഇതിൽ നിയമിതരായ അംഗങ്ങൾ.
നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്ന ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും ഇതു മായി ബന്ധപ്പെട്ട മറ്റെല്ലാ അംഗങ്ങളും തങ്ങളെ ഏൽപിച്ചിരിക്കുന്ന ദൗത്യം നീതിയോടും സത്യസന്ധതയോടും കൂടി നിറവേറ്റുമെന്ന് പ്രതിജ്ഞ ചെയ്തു. ചാൻസലർ ഫാ. ജോയ്സൺ പുതുശേരി അവരുടെ പ്രതിജ്ഞകളെ സാക്ഷ്യപ്പെടുത്തി പ്രസ്താവന നടത്തി. പുണ്യങ്ങളെ സാഹസികമായി ജീവിതത്തിൽ പരിശീലിക്കുന്നവരാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നത് എന്നും ദൈവദാസി സിസ്റ്റർ ഫിദേലിസ് പ്രതിസന്ധികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് പുണ്യങ്ങളൾ പരിശീലിച്ച വ്യക്തിയാണെന്നും ആർച്ച്ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു.
സീറോ മലബാർ സഭയ്ക്കും, പ്രത്യേകമായി ഫരീദാബാദ് രൂപതക്കും ഇത് ചരിത്ര മുഹൂർത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫരീദാബാദ് സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, എസ് ഡി സഭയുടെ മദർ ജനറൽ സിസ്റ്റർ ലിസ് ഗ്രേസ് , എസ് ഡി സഭയുടെ ഗാസിയാബാദ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഗ്രേസ് കാട്ടേത്ത് ഏതാനും വൈദീകർ സന്യസ്ഥർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
1929 ൽ എറണാകുളത്തുള്ള പുത്തൻപള്ളിയിൽ സിസ്റ്റർ ഡോക്ടർ ഫിദേലിസ് ജനിച്ചു. 1952 ൽ എസ് ഡി സന്യാസ സഭയിൽ ചേർന്നു. 1956 ൽ നിത്യവൃത വാഗ്ദാനം ചെയ്തു. 1964 ൽ അമേരിക്കയിൽ മെഡിസിൻ പഠനം ആരംഭിച്ചു. പഠനം പൂർത്തിയാക്കി 1966 ൽ ഡൽഹിയിലെ ഹോളി എൻജൽ നേഴ്സിഗ് ഹോമിൽ സേവനം ആരംഭിച്ചു. 1973 മുതൽ 1977 വരെ അമേരിക്കയിൽ ഉപരി പഠനം നടത്തി. പിന്നീട് ഡൽഹിയിലെ തന്നെ അശോക് വിഹാറിൽ ഉള്ള ജീവോദയ ഹോസ്പിറ്റൽ പണികഴിപ്പിക്കുകയും അവിടെ തന്നെ തന്റെ ശുശ്രൂഷ ചുറ്റുമുള്ള അനേകായിരങ്ങൾക്ക് പ്രാർത്ഥനയോടെ നൽകുകയും ചെയ്തു.
കൂടാതെ ഗാസിയാബാദിൽ വികലാംഗ കുട്ടികളെ പരിപാലിക്കുന്നതിനായും ഡൽഹിയിലെ വികാസ് പുരിയിൽ അലഞ്ഞു നടക്കുന്ന സ്ത്രീകളെ പരിപാലിക്കുന്നതിനായും സ്ഥാപനങ്ങൾ ആരംഭിച്ചു. 2008 ൽ ഇഹലോകവാസം പൂർത്തിയാക്കിയ സിസ്റ്ററിന്റെ ജീവിതം ജാതിമതഭേദമന്യേ ആയിരക്കണക്കിന് ജനങ്ങൾക്ക് താങ്ങും തണലുമായിരുന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും വേണ്ടി അഹോരാത്രം തന്റെ ശുശ്രൂഷ ജീവിതം ചിലവഴിച്ച ഒരു കരിസ്മാറ്റിക് ഡോക്ടറായിരുന്നു സിസ്റ്റർ. ഈ ധന്യജീവിതം അൾത്താരയിൽ വണങ്ങപ്പെടുവാൻ വേണ്ടി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യണമെന്ന് രൂപത ആഹ്വാനം ചെയ്തു.