India - 2024

ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്ത സംഭവം: പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എംപിമാര്‍

19-07-2021 - Monday

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ അന്ധേരിയയിലുള്ള ലഡോ സരായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി തകര്‍ത്ത സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ നോട്ടീസ് നല്‍കിയതായി കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് എംപിമാര്‍ അറിയിച്ചു. സബ്മിഷനു പുറമെ അടിയന്തര പ്രമേയത്തിനുകൂടി നോട്ടീസ് നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയുണ്ടായ പള്ളി പൊളിക്കലും ലക്ഷദ്വീപിലെ പ്രശ്‌നങ്ങളും ന്യൂനപക്ഷങ്ങളില്‍ ആശങ്ക വളര്‍ത്തിയെന്ന് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴികാടന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പറഞ്ഞു.

തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടിപ്പിക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് യുഡിഎഫ് എംപിമാരായ പ്രേമചന്ദ്രന്‍, ബെന്നി, ആന്റോ, ഡീന്‍ എന്നിവര്‍ ഇന്നലെ പള്ളി സന്ദര്‍ശിച്ചശേഷം പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്ത കത്തോലിക്കാ പളളി തോമസ് ചാഴികാടനും കൊടിക്കുന്നിലും നേരത്തേ സന്ദര്‍ശിച്ചിരുന്നു. ഫരീദാബാദ് സീറോ മലബാര്‍ രൂപതയിലെ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴിയും ഇടവക സമൂഹവുമായും വിശദമായ ചര്‍ച്ച നടത്തി.

പത്തു വര്‍ഷത്തിലേറെയായി വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്ന പള്ളി ഇടിച്ചുനിരത്തിയതു തികച്ചും അന്യായമാണ്. വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇതിനു പിന്നില്‍ പല അജന്‍ഡകളുമുണ്ടെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. ഛത്തര്‍പൂര്‍ മേഖലയിലെ സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ഭൂമാഫിയയുമായി ചേര്‍ന്നു കരുതിക്കൂട്ടി നടത്തിയതാണോ സംഭവമെന്നു സംശയമുണ്ടെന്നു തോമസ് ചാഴികാടന്‍ പറഞ്ഞു.

ഇതിനിടെ, ഡല്‍ഹി പിസിസി പ്രസിഡന്റ് അനില്‍കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിശ്വാസികളും ഇന്നലെ രാവിലെ പള്ളിക്കു മുന്പിലെ ഗുഡ്ഗാവ് ഛത്തര്‍പുര്‍ പ്രധാന റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാന്‍ നൂറുകണക്കിന് പോലീസുമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള കേജരിവാള്‍ സര്‍ക്കാരിന്റെ സമീപനമാണു പുറത്തുവന്നതെന്നു അനില്‍കുമാര്‍ കുറ്റപ്പെടുത്തി.

More Archives >>

Page 1 of 402