News - 2025
'കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം': ആനുകൂല്യ നിലപാടിലുറച്ച് പാലാ രൂപത; സർക്കുലർ പുറത്തിറങ്ങി
പ്രവാചക ശബ്ദം 27-07-2021 - Tuesday
പാലാ: കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ സർക്കുലർ. ഇത് സംബന്ധിച്ച സർക്കുലർ ഇന്നാണ് രൂപത പുറത്തുവിട്ടത്. ഓരോ കുഞ്ഞിന് ജന്മം നല്കുമ്പോഴും സർവ്വശക്തനായ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ മാതാപിതാക്കൾ പങ്കാളിയാവുകയാണെന്നും ഒരു കുടുംബത്തിന്റെ സൗഭാഗ്യവും അനുഗ്രഹവും സമ്പത്തും കുഞ്ഞുങ്ങൾ തന്നെയാണെന്നും ദൈവം നല്കുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവ്വം സ്വീകരിക്കണമെന്നും സർക്കുലറിന്റെ ആമുഖത്തിൽ പറയുന്നു.
കുടുംബങ്ങൾ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന കാലമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ജോലി ഇവയെല്ലാം ഇന്ന് വളരെ ക്ലേശകരമായ ദൗത്യങ്ങളാണ്. കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബ ങ്ങൾക്ക് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് ഒരു ആശ്വാസം എന്ന നിലയിലും കുടുംബ വർഷക്ഷേമ പദ്ധതികൾ എന്ന നിലയിലും ഏതാനും കർമ്മപദ്ധതികൾ പാലാ രൂപതയിൽ നടപ്പിലാക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിക്കുന്നുവെന്ന് കുറിച്ച ബിഷപ്പ് ആനുകൂല്യങ്ങൾ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻപ് പുറത്തുവിട്ട ആനുകൂല്യങ്ങൾക്ക് പുറമേ 2000 മുതൽ കുടുംബവർഷമായ 2021 വരെ ജനിച്ചവരായ പാലാ രൂപതയിലെ കുടുംബങ്ങളിൽ നാലാമതോ, അതിനു ശേഷമോ ജനിക്കുന്ന കുട്ടികളിൽ സാമ്പത്തിക വിഷമത അനുഭവിക്കുന്നവർക്ക് നിർദ്ദിഷ്ഠ യോഗ്യതകളും ഗവൺമെന്റിന്റെ അതാത് സമയങ്ങളിലെ നിയമന മാനദണ്ഡങ്ങളുമനുസരിച്ച് രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമന പരിഗണന നല്കുന്നതാണെന്നും പാലാ രൂപതാംഗങ്ങളായ കുടുംബങ്ങളിൽ അഞ്ചോ അതിലധികമോ കുട്ടികളുള്ള ദമ്പതികളിൽ ഒരാൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് രൂപതവക ചേർപ്പുങ്കലിലുളള മാർ സ്ലീവാ മെഡിസിറ്റിയിൽ ജോലികളിൽ മുൻഗണന നൽകുമെന്നും സർക്കുലറിൽ പറയുന്നു. ആറിന ആനുകൂല്യങ്ങൾ അക്കമിട്ട് നിരത്തിയുള്ള സർക്കുലർ ആഗസ്റ്റ് 1 ഞായറാഴ്ച ഇടവകകളിൽ വായിക്കുവാനാണ് നിർദ്ദേശം.
അതേസമയം പാലാ രൂപതയുടെ നടപടിയെ മാതൃകപരമെന്നു വിശേഷിപ്പിച്ചുകൊണ്ട് നിരവധി വിശ്വാസികൾ രംഗത്തെത്തുന്നുണ്ട്. ക്രൈസ്തവ സമൂഹം നാമാവശേഷമാകുന്ന രീതിയിൽ ജനസംഖ്യയിൽ കുത്തനെയുള്ള ഇടിവ് കാണുന്ന പശ്ചാത്തലത്തിൽ ഇത്തരം നടപടി പ്രതീക്ഷ നൽകുന്നതാണെന്നാണ് മിക്ക വിശ്വാസികളും അഭിപ്രായപ്പെടുന്നത്. മറ്റ് രൂപതകൾ ഇത് മാതൃകയാക്കണമെന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക