Life In Christ - 2024
സിറിയയുടെ വിശപ്പടക്കാൻ മുൻകൈയെടുത്ത് കത്തോലിക്ക സംഘടന: ഒരു മില്യൺ പൗണ്ടിന്റെ പദ്ധതികൾക്ക് അംഗീകാരം
പ്രവാചക ശബ്ദം 03-08-2021 - Tuesday
ഡമാസ്ക്കസ്: സാമ്പത്തിക പ്രതിസന്ധിയും, അതേത്തുടർന്ന് ഭക്ഷണ ദൗർലഭ്യം രൂക്ഷമായ പശ്ചിമേഷ്യൻ രാജ്യമായ സിറിയയ്ക്ക് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഒരു മില്യൺ പൗണ്ടിന്റെ പദ്ധതികൾക്കാണ് സംഘടന സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷണം, ആരോഗ്യ പരിരക്ഷ, ആത്മീയ തലത്തിലെ സഹായങ്ങൾ തുടങ്ങിയവ നാളുകളായി സംഘടന നൽകി വരുന്നവയാണ്.
ആലപ്പോയിലെ നൂറു കുടുംബങ്ങളുടെ ഒരു വർഷത്തെ വാടക, വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടിയുള്ള സമ്മർക്യാമ്പ്, ഡമാസ്കസിലെ കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകുക തുടങ്ങിയവ സംഘടനയുടെ പദ്ധതികളുടെ ഭാഗമാണ്. സാധാരണക്കാർക്ക് ഭക്ഷണം നൽകുന്ന സംരംഭമായ ഉത്തര ഡമാസ്കസിലെ "ബേക്കറി ഓഫ് മേഴ്സി" മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയോടും, ക്രൈസ്തവ സംഘടനകളോടും ഒപ്പം വിപുലീകരിക്കാനുള്ള ശ്രമത്തിലും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പങ്കാളിയാണ്. 2020 സെപ്റ്റംബർ മാസം തുടക്കമിട്ട ബേക്കറി ഓഫ് മേഴ്സിയിൽ നിന്ന് ദിനംപ്രതി ആയിരത്തോളം കുടുംബങ്ങൾക്കാണ് ഭക്ഷണം ലഭിക്കുന്നത്.
ഭവനരഹിതർക്കും, വൃദ്ധസദനങ്ങളിലും, അനാഥാലയങ്ങളിലും ജീവിക്കുന്നവർക്കും സംരംഭത്തിലൂടെ സൗജന്യമായി ഭക്ഷണം നൽകുന്നു. ഇതോടൊപ്പം ഒരു സൂപ്പ് കിച്ചണും, ചന്തയും നിർമ്മിക്കാനുള്ള പദ്ധതിയാണ് സംഘടനയ്ക്ക് ഉള്ളത്. ഇതിലൂടെ ന്യായമായ തുകയ്ക്ക് അവശ്യവസ്തുക്കൾ ആളുകൾക്ക് ലഭ്യമാക്കാനാണ് എസിഎൻ ആഗ്രഹിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഒരു കോടി 20 ലക്ഷത്തിന് മുകളിൽ സിറിയൻ സമൂഹത്തിന് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ജനസംഖ്യയുടെ അറുപതു ശതമാനത്തോളം വരുമിത്. അന്താരാഷ്ട്ര തലത്തിലെ ഉപരോധം, സാമ്പത്തിക പങ്കാളിയായ ലെബനോൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾക്ക് വിലക്കയറ്റമുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞമാസം എയിഡ് ടു ദി ചർച്ച് ഇൻ നീഡ് പിന്തുണയോടെ ക്രിസ്ത്യൻ ഹോപ് സെന്റർ എന്ന സംരംഭം ഡമാസ്കസിൽ ആരംഭിച്ചിട്ടുണ്ട്.
യുദ്ധം മൂലം ബിസിനസ് അവസാനിപ്പിച്ചവർക്കും, പുതിയതായി തുടങ്ങാൻ താല്പര്യം ഉള്ളവർക്കും സാമ്പത്തിക സഹായം ഇവിടെ നിന്ന് ലഭിക്കും. 2011ൽ ആഭ്യന്തര യുദ്ധം ആരംഭിക്കുന്ന സമയത്ത് 15 ലക്ഷത്തോളം ഉണ്ടായിരുന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ ഇപ്പോൾ മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്.