India - 2025
പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം
ദീപിക 06-08-2021 - Friday
കണ്ണൂര്‍: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ 'പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍'എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശം. പല ജില്ലകളിലും നിലവില്‍ ഈ സമിതിയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ഇതിനെതിരേ തലശേരി അതിരൂപതയിലെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരി ഫാ. ജോസഫ് കാവനാടിയില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.
ക്രൈസ്തവ സമൂഹത്തിലെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്ത ജില്ലകളില്‍ അവരെയും ഉള്‍പ്പെടുത്തി എത്രയും പെട്ടെന്ന് ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം. ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് കൈകാര്യം ചെയ്യുന്നതിനുവേണ്ടിയുള്ള സമിതിയാണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം. എന്നാല്‍ ഈ സമിതിയില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട ഒരംഗത്തെപ്പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. സമിതിയില്‍ ക്രിസ്ത്യന്‍ സമുദായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് ഫാ.ജോസഫ് കാവനാടിയില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്.
പരാതിയില്‍ കമ്മീഷന്‍ കണ്ണൂര്‍ ജില്ലാകളക്ടറില്‍നിന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടറില്‍നിന്നും റിപ്പോര്‍ട്ടുകള്‍ തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജില്ലാതല കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും 14.06.2016 ലെ ഉത്തരവിന്‍പ്രകാരമുള്ള അംഗങ്ങളെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ജില്ലാതല കമ്മിറ്റിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് അധികാരമോ ബന്ധമോ ഇല്ലെന്നും സര്‍ക്കാരാണ് നേരിട്ട് ചെയ്യുന്നതെന്നും ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ ജില്ലാകളക്ടര്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍തലത്തിലായതിനാല്‍ ജില്ലാകളക്ടര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ജില്ലാതല കമ്മിറ്റി നേരത്തേ ബഹുമുഖ വികസന പദ്ധതി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതു പുനര്‍നാമകരണം ചെയ്താണ് പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം എന്നാക്കി മാറ്റിയത്.
കമ്മീഷന്‍ മുമ്പാകെ ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ പല സംഘടനകളും വ്യക്തികളും സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്റെ യോഗങ്ങളിലും സെമിനാറുകളിലും ഇതുസംബന്ധിച്ച് പ്രതിഷേധങ്ങള്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രബല ന്യൂനപക്ഷ വിഭാഗമായ ക്രിസ്തീയ സമുദായത്തില്‍നിന്നു പ്രതിനിധികളെ ഉള്‍പ്പെടുത്താത്തത് ശരിയായ നടപടിയല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചയായോ ജാഗ്രതക്കുറവായോ ഇതിനെ കാണാവുന്നതാണെന്നും പല തെറ്റിദ്ധാരണകള്‍ക്കും വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിട്ടുള്ള ഈ നടപടി തിരുത്തണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണുകയും അവരുടെ അവകാശങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്നനിലയില്‍ ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ.ജോസഫ് കാവനാടിയില്‍ പറഞ്ഞു.