Arts
പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ഗവേഷകര്‍ കണ്ടെത്തി
പ്രവാചകശബ്ദം 09-08-2021 - Monday
ജെറുസലേം: യൂദാ രാജാവായ ഉസിയായുടെ കാലത്ത് ഇസ്രായേലില്‍ ഉണ്ടായതായി ബൈബിളില്‍ വിവരിക്കുന്ന ശക്തമായ ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തി. ജെറുസലേമില്‍ നിന്നുമാണ് 2800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായതായി കരുതപ്പെടുന്ന ഭൂകമ്പത്തിന്റെ തെളിവുകള്‍ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകര്‍ ഉദ്ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. പുരാതന കെട്ടിട ഭിത്തികള്‍ മറിഞ്ഞുവീണപ്പോള്‍ തകര്‍ന്നതെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങളുടെ അവശേഷിപ്പുകളും വിളക്കുകളും, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാത്രങ്ങളും, കോപ്പകളും, സാധനങ്ങള്‍ ശേഖരിച്ചു വെക്കുന്നതിനുള്ള വലിയ പാത്രങ്ങളും അടക്കമുള്ളവയാണ് കണ്ടെത്തിയിരിക്കുന്നത്.
ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കെട്ടിട ഭിത്തികള്‍ തകര്‍ന്ന്‍ വീണതുകൊണ്ടാവാം പാത്രങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതെന്നാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം. ഇത്തരത്തിലുള്ള തകര്‍ച്ചക്ക് കാരണമായേക്കാവുന്ന തീപിടുത്തം പോലെയുള്ള മറ്റൊരു ദുരന്തത്തിന്റേയും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നതാണ് തങ്ങളുടെ അനുമാനം സ്ഥിരീകരിക്കുന്നതിനുള്ള കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കണ്ടെത്തിയ അവശിഷ്ടങ്ങളുടെ പരിശോധനക്കിടയില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാമര്‍ശങ്ങള്‍ ബൈബിളിലുണ്ടോ എന്നു കൂടി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
ഉസിയായുടെ കാലത്ത് ദാവീദിന്റെ നഗരത്തിലുണ്ടായ ശക്തമായ ഭൂകമ്പത്തേക്കുറിച്ച് ബൈബിളിലെ പഴയനിയമത്തിലെ ആമോസിന്റേയും, സഖറിയായുടെയും പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും ഉദ്ഖനനത്തിന് നേതൃത്വം നല്‍കുന്ന ഡോ. ജോ ഉസിയലും, ഓര്‍ട്ടല്‍ ചാലാഫും പറയുന്നു. ഭൂകമ്പം രാജ്യതലസ്ഥാനമായ ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘യൂദാ രാജാവായ ഉസിയായുടേയും, ഇസ്രായേല്‍ രാജാവും യോവാഷിന്റെ പുത്രനുമായ ജെറോബോവാമിന്റേയും കാലത്ത്, ഭൂകമ്പത്തിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തെക്കോവയിലെ ആട്ടിടയനും പ്രവാചകനുമായ ആമോസ് ഇസ്രായേലിനെകുറിച്ച് പ്രവചിക്കുന്നതായിട്ടാണ് പഴയനിയമത്തിലെ ആമോസിന്റെ പുസ്തകത്തില്‍ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തില്‍ വിവരിക്കുന്നത്.
ഇസ്രായേലിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും മുന്‍പേ തന്നെ ഈ ഭൂകമ്പത്തിന്റെ മറ്റ് തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിലെ ഹസോര്‍, ഗെസെര്‍, ടെല്‍ അഗോള്‍, ടെല്‍ എസ്-സാഫി/ഗാത്ത് എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുള്ളതിനാല്‍ എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലുണ്ടായ ഈ ഭൂകമ്പം ഒരുപക്ഷേ പുരാതന കാലത്തെ ഏറ്റവും ശക്തവും വിനാശകരവുമായ ഭൂകമ്പങ്ങളില്‍ ഒന്നായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഭൂകമ്പം ജെറുസലേമിനേയും ബാധിച്ചിരുന്നുവെന്നാണ് തങ്ങളുടെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും ഭൂകമ്പത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ജെറുസലേമില്‍ നിന്നും ഈ ഭൂകമ്പത്തിന്റേതെന്ന് കരുതപ്പെടുന്ന തെളിവുകള്‍ കണ്ടെത്തുന്നത് ഇതാദ്യമായാണ്. അടുത്ത മാസം നടക്കുന്ന ‘സിറ്റി ഓഫ് ഡേവിഡ്’ കോണ്‍ഫറന്‍സില്‍ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ അവതരിപ്പിക്കുവാനിരിക്കുകയാണ് ഗവേഷകര്‍.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക