News - 2025

ഒന്നര പതിറ്റാണ്ട് കാമർലെങ്കോയായി സേവനം ചെയ്ത കർദ്ദിനാൾ സൊമാലോ ദിവംഗതനായി

പ്രവാചകശബ്ദം 11-08-2021 - Wednesday

വത്തിക്കാന്‍ സിറ്റി: സമർപ്പിതർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പസ്തോലികസമൂഹങ്ങൾക്കും വേണ്ടിയുള്ള റോമന്‍ കൂരിയായുടെഓഫീസ് മുൻ അധ്യക്ഷനും കാമർലെങ്കോയായി സേവനം ചെയ്തിട്ടുമുള്ള കർദ്ദിനാൾ മർത്തിനെസ് സൊമാലോ അന്തരിച്ചു. 94 വയസ്സായിരിന്നു. 1993 മുതൽ 2007 വരെ കത്തോലിക്ക സഭയുടെ കാമർലെങ്കോ (Camerlengo) പദവിയില്‍ ഇരിന്നയാളാണ് കർദ്ദിനാൾ സൊമാലോ. മാർപാപ്പമാരുടെ മരണത്തിനോ, സ്ഥാനത്യാഗത്തിനോ ശേഷം, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നത് വരെ സഭയുടെ സ്വത്തിന്റെയും വരുമാനങ്ങളുടെയും സൂക്ഷിപ്പുകാരനായി സേവനം ചെയ്യുവാന്‍ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് കാമർലെങ്കോ.

1927 മാർച്ച് 31നു സ്പെയിനിലെ ലാ റിയോജ പ്രവിശ്യയിൽ ജനിച്ച അദ്ദേഹം 1950ൽ റോമിൽവെച്ചു തിരുപ്പട്ടം സ്വീകരിച്ചു. 1956 മുതൽ വത്തിക്കാൻ ആഭ്യന്തരകാര്യവകുപ്പിൽ ജോലി ചെയ്തിരുന്നു. 1975-ൽ കൊളംബിയയില്‍ ന്യൂണ്‍ഷോയായി നിയമിതനായി. 1979-ൽ വത്തിക്കാനിൽ തിരികെയെത്തിയ അദ്ദേഹം 1988 വരെ വത്തിക്കാനിൽ തുടര്‍ന്നു. 1988-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ ആയി ഉയർത്തി. ആരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള റോമൻ കൂരിയായുടെ ഓഫീസ് അധ്യക്ഷൻ ആയി നിയമിച്ചു. 1992 മുതൽ 2004 വരെ സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള സ്ഥാപനങ്ങൾക്കും അപ്പസ്തോലികസമൂഹങ്ങൾക്കും വേണ്ടിയുള്ള റോമൻ കൂരിയായുടെ ഓഫീസ് അദ്ധ്യക്ഷനായും അദ്ദേഹം സേവനം ചെയ്തു.

മൃതസംസ്കാരം ഓഗസ്റ്റ് 13 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക്, വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയിൽ നടക്കും. ശുശ്രൂഷകള്‍ക്ക് കർദ്ദിനാൾ സംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ജിയോവാന്നി ബത്തിസ്ത റേയുടെ മുഖ്യകാർമ്മികത്വം വഹിക്കും. അതേസമയം കർദ്ദിനാൾ സൊമാലോയുടെ മരണത്തെത്തുടർന്ന് ആകെ കർദ്ദിനാളുമാരുടെ എണ്ണം 219 ആയി. ഇവരിൽ 123 പേർ, മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പിനു വോട്ടവകാശം ഉള്ളവരും, ബാക്കി 96 പേര് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമാണ്. പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 681