News

നിരപരാധികളായിട്ടും ഏഴു വര്‍ഷം വേട്ടയാടപ്പെട്ട പാക്ക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് യൂറോപ്പില്‍ പുതുജീവിതം

പ്രവാചകശബ്ദം 16-08-2021 - Monday

ലാഹോർ: പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് അഭയം നൽകി യൂറോപ്പ്. കഴിഞ്ഞ ജൂണിൽ കുറ്റവിമുക്തരാക്കപ്പെട്ട ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികൾക്കും മക്കൾക്കുമാണ് ഏഴ് വർഷത്തെ ജയിൽ ജീവിതത്തിനുശേഷം യൂറോപ്യൻ രാജ്യം അഭയം നൽകിയത്. യൂറോപ്പിൽ ഇവര്‍ സുരക്ഷിതമായി എത്തിച്ചേർന്നെന്ന്, അഭയാർത്ഥിത്വത്തിന് മുൻകൈയെടുത്ത മനുഷ്യാവകാശ സംഘടനയായ ‘എ.ഡി.എഫ് ഇന്റർനാഷണല്‍’ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തീവ്ര ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി കുടുംബത്തിന് നിലനില്‍ക്കുന്നതിനാല്‍ യൂറോപ്പിലെ ഏത് രാജ്യമാണ് ഇവർക്ക് അഭയം നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

2013-ലാണ് പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ ലാഹോറിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗോജ്റ നിവാസികളായ ഷഫ്കാത്ത്, ഷാഗുഫ്ത ദമ്പതികള്‍ അറസ്റ്റിലാവുന്നത്. പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള ടെക്സ്റ്റ് മെസ്സേജ് പ്രാദേശിക ഇമാമിന് അയച്ചു എന്നതാണ് ഇവരുടെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം. ടെക്സ്റ്റ് മെസ്സേജ് താന്‍ കണ്ടുവെന്ന് പറഞ്ഞുകൊണ്ട് ഒരു കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

എന്നാല്‍ നിരക്ഷരരായ തങ്ങള്‍ക്ക് മൊബൈല്‍ സന്ദേശം എഴുതുന്നതിനോ അയക്കുന്നതിനോ അറിയില്ലെന്ന് ദമ്പതികള്‍ കോടതിയെ ബോധിപ്പിച്ചിരിന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുവാനായി കൗസറിന്റെ പേരില്‍ വ്യാജ ‘സിം’ കാര്‍ഡ് എടുത്ത അയല്‍വാസി അയച്ചതാണ് എന്ന ആരോപണവും ശക്തമായിരിന്നു. 2014ൽ ദമ്പതികൾക്ക് ജില്ലാ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നു ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ദമ്പതികള്‍ക്കും അവരുടെ അഭിഭാഷകനും അടിയന്തിര സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ലാഹോര്‍ കോടതി ഉത്തരവിട്ടിരിന്നു. മതനിന്ദ കേസ് ആരോപിച്ചു എട്ടുവര്‍ഷം തടവിലിട്ട് പീഡിപ്പിച്ച ആസിയ ബീബിയുടെ വധശിക്ഷ റദ്ദാക്കാൻ നിയമപോരാട്ടം നടത്തിയ സയിഫ് ഉൾ മാലൂക്കായിരുന്നു ഈ കേസിലെയും അഭിഭാഷകൻ.

അതേസമയം യൂറോപ്പില്‍ പുതിയ ജീവിതം ആരംഭിക്കുവാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഷഫ്കാത്ത് ഇമ്മാനുവൽ- ഷാഗുഫ്ത കൗസർ ദമ്പതികളും കുടുംബങ്ങളും. വളരെ ബുദ്ധിമുട്ടുള്ള എട്ട് വർഷങ്ങൾക്കുശേഷം ഒടുവിൽ നാല് കുട്ടികളുമായി വീണ്ടും ഒന്നിക്കാനായതിൽ സന്തോഷമുണ്ടെന്നും തങ്ങൾക്ക് ഉണ്ടായതുപോലുള്ള അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കണമെങ്കിൽ മതനിന്ദാ നിയമം റദ്ദാക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാനിയമം നിരവധി തവണ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും അമുസ്ലീങ്ങളോട് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനാണ് രാജ്യത്തെ മതനിന്ദ നിയമം ഉപയോഗിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 683