News

മരിയൻ തീർത്ഥാടനം ഉപേക്ഷിക്കണം, കമ്മ്യൂണിസ്റ്റ് പാർട്ടി ശതാബ്ദി ആഘോഷിക്കണം: ചൈനയിലെ അവസ്ഥ വിവരിച്ച് മിഷ്ണറി വൈദികന്‍

പ്രവാചകശബ്ദം 14-08-2021 - Saturday

ബെയ്ജിംഗ്: കത്തോലിക്ക വിശ്വാസികൾ എല്ലാവർഷവും നടത്തിവരുന്ന മരിയൻ തീർത്ഥാടനം ഉപേക്ഷിക്കാനും, പകരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനും ചൈനീസ് സർക്കാർ നിർദേശിച്ചതായി റിപ്പോർട്ട്. കത്തോലിക്കരുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ അവർ ലേഡി ഓഫ് ഷേഷൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ തീർത്ഥാടനത്തിനാണ് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് രണ്ട് പതിറ്റാണ്ടോളം ഏഷ്യാന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിച്ച മിഷ്ണറി വൈദികനും, മാധ്യമപ്രവർത്തകനുമായ ബർണാർഡോ സെർവേലേറ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നു വിവിധ രൂപതകളില്‍ ശതാബ്ദി ആഘോഷം നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കത്തോലിക്കാ പ്രബോധനങ്ങൾ മുഴുവനായി വിശ്വാസികൾക്ക് പകർന്നു കൊടുക്കുന്നതിൽ നിന്നും വൈദികർക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്നും, ദേശീയതയും, പാർട്ടിയോടുള്ള സ്നേഹവും വചന പ്രബോധനങ്ങളിൽ ഉൾപ്പെടുത്താൻ അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഫാ. ബർണാർഡോ വെളിപ്പെടുത്തി.

പാർട്ടിയുടെ നൂറാം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി പാർട്ടിയെ ചോദ്യം ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യാനായി ഓൺലൈൻ സംവിധാനവും സർക്കാർ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ മൂലം 1949ലെ ചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം തങ്ങൾ അനുഭവിച്ച പീഡനങ്ങൾ പോലും ചർച്ച ചെയ്യുന്നതിൽ നിന്ന് കത്തോലിക്കർ വിലക്കപ്പെട്ടിരിക്കുകയാണ്. വിവിധ സമൂഹങ്ങളും, രൂപതകളും സര്‍ക്കാര്‍ നിര്‍ബന്ധത്തിന് വഴങ്ങി പരിപാടികൾ സംഘടിപ്പിക്കുകയും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് തീർത്ഥാടനം പോകാൻ വരെ നിർബന്ധിക്കപ്പെടുകയും ചെയ്തുവെന്ന് ബർണാർഡോ സെർവേലേറ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

2018 സെപ്റ്റംബർ മാസം ചൈനീസ് സർക്കാരും, വത്തിക്കാനുമായി കരാറുണ്ടാക്കിയതിനുശേഷം രഹസ്യ സഭയിലെ അംഗങ്ങളുടെ ജീവിതം വളരെ ക്ലേശം നിറഞ്ഞതായി മാറിയിരിക്കുകയാണെന്ന് ബർണാർഡോ സെർവേലേറ ചൂണ്ടിക്കാട്ടി. നിരവധി സന്യാസ മഠങ്ങളും, ദേവാലയങ്ങളും തകർക്കപ്പെട്ടു. വൈദികരെ ഇടവകകളിൽ നിന്നും ആട്ടിയോടിച്ചു, ദൈവശാസ്ത്രം പഠിക്കുന്നതിൽ നിന്നും സെമിനാരി വിദ്യാർഥികളെ വിലക്കി, മെത്രാന്മാർ അറസ്റ്റുചെയ്യപ്പെട്ടു. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പാട്രിയോട്ടിക് അസോസിയേഷനിലെ വിശ്വാസികൾക്ക് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നില്ലെങ്കിലും ദേശീയതയും, പാർട്ടിയോടുള്ള സ്നേഹവും വചന പ്രബോധനങ്ങളിൽ ഉൾപ്പെടുത്താൻ അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഫാ. ബർണാർഡോ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കും എന്ന് മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയാൽ മാത്രമേ വൈദികർക്ക് ചൈനയിൽ പ്രവർത്തന സ്വാതന്ത്ര്യം പാർട്ടി അനുവദിക്കുകയുള്ളൂവെന്നും വെളിപ്പെടുത്തല്‍ ഉണ്ട്. 18 വയസ്സിന് മുകളിൽ ഉള്ള ആളുകളുടെ ഇടയിൽ മാത്രമേ ശുശ്രൂഷ ചെയ്യാൻ അവർക്ക് അനുവാദമുള്ളൂ. വത്തിക്കാന്‍- ചൈന കരാറൊപ്പിട്ടതിനുശേഷം ഇതുവരെ അഞ്ചു മെത്രാന്മാരാണ് ചൈനയിൽ ചുമതല ഏറ്റെടുത്തത്. ഇനി നാല്‍പ്പതു മെത്രാന്മാരുടെ എങ്കിലും സേവനം ചൈനയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമുണ്ടെന്ന് ബർണാർഡോ സെർവേലേറ വിശദീകരിച്ചു. സ്ഥാനമേറ്റെടുത്ത അഞ്ച് മെത്രാന്മാർ പാട്രിയോട്ടിക് അസോസിയേഷനിലെ അംഗങ്ങൾ ആണെന്നും അതിനാൽ അവർക്ക് സർക്കാരുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്ര്യത്തിനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്നു ചൈനയിലെ ക്രൈസ്തവര്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധി നേരത്തെയും ചര്‍ച്ചയായിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 682