News

പാക്ക് ക്രൈസ്തവർ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ഇരകള്‍: റിപ്പോർട്ടുമായി പാരീസ് ആസ്ഥാനമായ സംഘടന

പ്രവാചകശബ്ദം 29-08-2021 - Sunday

ലാഹോര്‍: പാക്കിസ്ഥാനിൽ ക്രൈസ്തവർക്ക് നേരെ അക്രമം വർദ്ധിച്ചുവെന്നും, ക്രൈസ്തവർ വിദ്വേഷത്തിന്റെ ഇരകളായി മാറുന്നുവെന്നും റിപ്പോർട്ട്. പാരീസ് കേന്ദ്രീകരിച്ചുള്ള സംഘടനയായ സെന്റർ ഓഫ് പൊളിറ്റിക്കൽ ആൻഡ് ഫോറിൻ അഫയേഴ്സിന് വേണ്ടി എഴുതിയ ലേഖനത്തിൽ മാരിയോ ഡി ഗാസ്പേരി എന്ന രാഷ്ട്രീയ നിരീക്ഷകനാണ് ക്രൈസ്തവരുടെ ദൗർഭാഗ്യകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടി വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ കാഫിർ, ചുർഹ തുടങ്ങിയ പേരുകൾ വിളിച്ച് ക്രൈസ്തവരെ അപമാനിക്കാറുണ്ടെന്നും, വലിയൊരു ശതമാനം ക്രൈസ്തവ വിശ്വാസികളും വിദ്യാഭ്യാസവും, സമ്പത്തും കുറവള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കട്ട കളത്തിലെ ജോലിയും, ശുദ്ധീകരണ ജോലികളും അടക്കമുള്ളവയാണ് ക്രൈസ്തവ വിശ്വാസികൾ തുച്ഛമായ വരുമാനത്തിനായി ചെയ്യുന്നത്. ക്രൈസ്തവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സമൂഹത്തിന്റെ വിദ്വേഷവും വിവേചനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.

ക്രൈസ്തവ വിശ്വാസികൾക്ക് രാഷ്ട്രീയ പാർട്ടികളിൽ പ്രാതിനിധ്യമോ, ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരമോ ലഭിക്കാറില്ല. 2001ന് ശേഷമാണ് ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമം കൂടുതലായി വർദ്ധിച്ചത്. വിശ്വാസത്തിന്റെ പേരിൽ പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളോടാണ് പാകിസ്ഥാനിലെ ക്രൈസ്തവരെ മുസ്ലിം ഭൂരിപക്ഷം തുലനം ചെയ്യുന്നത്. പലസ്ഥലങ്ങളിലും ക്രൈസ്തവരുടെ ഭൂമി അടക്കം പിടിച്ചെടുക്കുന്ന സാഹചര്യം വരെ നിലനില്‍ക്കുന്നുണ്ട്. അവർ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാകുന്നു. അവരുടെ ഭവനങ്ങളും, ദേവാലയങ്ങളും അക്രമിക്കപ്പെടുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ നിയമം വലിയ ഒരു വിവാദമായി നിലനിൽക്കുകയാണ്. ഒരു വ്യാജ പ്രചരണത്തിന്റെ പേരിൽ പോലും ആരോപണവിധേയനായ ക്രൈസ്തവ വിശ്വാസിയോ, കുടുംബമോ ആക്രമിക്കപ്പെടാം. നിരവധി കേസുകളിൽ ഇങ്ങനെ നടന്നിട്ടുമുണ്ട്.

നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസിന്റെ റിപ്പോർട്ട് പ്രകാരം 1987ന് ശേഷം മതപരമായ കുറ്റങ്ങളുടെ പേരിൽ 229 ക്രൈസ്തവ വിശ്വാസികളാണ് ആരോപണവിധേയരായത്. മത സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുഎസ് കമ്മീഷന്റെ 2020ലെ റിപ്പോർട്ടിൽ പാക്കിസ്ഥാനെ 'ആശങ്കയുള്ള രാജ്യങ്ങളുടെ' പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. മതനിന്ദ അടക്കമുള്ള നിയമങ്ങൾ ഉപയോഗിച്ച് ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിന്റെ പേരിലാണ് പാക്കിസ്ഥാൻ പട്ടികയിൽ ഉൾപ്പെട്ടത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം ചെയ്യുന്ന സംഭവങ്ങളും രാജ്യത്ത് നിരവധിയാണ്. നിയമപാലകർക്ക് വേണ്ടവിധത്തിൽ നടപടിയെടുക്കാൻ സാധിക്കാതെ വരുന്നത് ഇരകൾക്കും, കുടുംബത്തിനും നീതി നിഷേധിക്കപ്പെടാൻ കാരണമാകുന്നു. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റുന്ന വിഷയത്തിൽ പോലീസ് മുഖം തിരിക്കുന്നത് പ്രതികൾക്ക് സംരക്ഷണമായി മാറുന്നതായി മാരിയോ ഡി ഗാസ്പേരി ചൂണ്ടിക്കാട്ടി. ഓരോ വർഷവും ആയിരത്തോളം ക്രൈസ്തവ പെൺകുട്ടികൾ പാക്കിസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോകപെടുന്നുണ്ടെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്.


Related Articles »