News - 2025
സിനഡ് തീരുമാനത്തിനു പൂര്‍ണ പിന്തുണ, വെല്ലുവിളിക്കുന്നവര്‍ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുത്: കത്തോലിക്ക കോണ്‍ഗ്രസ്
പ്രവാചകശബ്ദം 30-08-2021 - Monday
കൊച്ചി: നവീകരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കാനുള്ള സീറോ മലബാര്‍ സഭാ സിനഡ് തീരുമാനത്തിനു പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ഇതിനെ പരസ്യമായി സഭയെ വെല്ലുവിളിക്കുന്നവര്‍ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും കത്തോലിക്ക കോണ്‍ഗ്രസ്. നാലു പതിറ്റാണ്ടുകളായി വിവിധ തലങ്ങളില്‍ ആലോചിച്ചും ചര്‍ച്ചകള്‍ നടത്തിയും എടുത്ത കുര്‍ബാന ക്രമമാണ് മാര്‍പാപ്പ അംഗീകരിച്ചു നല്‍കിയിരിക്കുന്നത്. ഇതു നടപ്പാക്കാനുള്ള സിനഡ് തീരുമാനം അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിശ്വാസിസമൂഹത്തിന്റെ പൊതുവായ ഐക്യത്തിനും കെട്ടുറപ്പിനും ഇത് ഉപകരിക്കും. തെറ്റായ പ്രചാരണങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും ദുര്‍മാതൃക നല്‍കുന്ന വൈദികരുള്‍പ്പെടെയുള്ളവര്‍ വിശ്വാസിസമൂഹത്തിനാപത്താണ്. അനുസരണവും വിധേയത്വവും ഏറ്റുപറഞ്ഞ് ദൈവവിളി സ്വീകരിച്ചവര്‍ പരസ്യമായി സഭയെ വെല്ലുവിളിക്കു ന്നത് അപലപനീയമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസ്താവിച്ചു.
മാര്‍പാപ്പയെയും സിനഡിനെയും അനുസരിക്കാത്തവര്‍ സ്വയം ഒഴിഞ്ഞു പോകുകയോ സഭ അവരെ പുറത്താക്കുകയോ വേണം. ചിലര്‍ കുര്‍ബാന മധ്യേ പോലും കൈയടി വാങ്ങാനുള്ള പ്രസംഗങ്ങള്‍ നടത്തി വൈറല്‍ ആക്കി മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവൃത്തികളും കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല. എല്ലാ പരിധികളും ലംഘിക്കുന്ന പ്രവൃത്തികളിലൂടെ വിശ്വാസികളുടെ ക്ഷമയെ പരീക്ഷിക്കരുത്. ഇത്തരം അജന്ഡുകള്‍ക്കു പിന്നിലുള്ളവര്‍ പിന്‍വാങ്ങണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ.പി.ടി. ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ജോമി മാത്യു, ബെന്നി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.