News - 2025

സെപ്റ്റംബർ 5 അഫ്ഗാൻ ജനതയോടുള്ള ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിച്ച് പോളിഷ് മെത്രാൻ സമിതി

പ്രവാചകശബ്ദം 31-08-2021 - Tuesday

വാര്‍സോ: താലിബാന്‍ തീവ്രവാദികള്‍ക്ക് മുന്നില്‍ നട്ടം തിരിയുന്ന അഫ്ഗാൻ ജനതയ്ക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോളിഷ് മെത്രാൻ സമിതി. മതഭരണത്തിന് കീഴിലായ അഫ്ഗാനിസ്ഥാനിലെ നാലു കോടിയുടെ അടുത്ത് വരുന്ന ജനങ്ങള്‍ക്കു പിന്തുണ അറിയിച്ച് സെപ്റ്റംബർ 5 ഐക്യദാർഢ്യ ദിനമായി പ്രഖ്യാപിക്കുകയാണെന്ന് പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കി അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, അവർക്ക് വേണ്ടി സാമ്പത്തിക സഹായങ്ങൾ നൽകാനും അദ്ദേഹം ആഹ്വാനം നൽകി. ആയുധങ്ങളുടെ പോര്‍വിളി നിശബ്ദമാകാനും, സംവാദത്തിന്റെ മേശയിൽ നിന്ന് പരിഹാരം കാണാനും സമാധാനത്തിന്റെ ദൈവത്തോട് പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത കാര്യവും ആര്‍ച്ച് ബിഷപ്പ് ഗേഡക്കി ഓർമ്മിപ്പിച്ചു.

ദക്ഷിണ പോളണ്ടിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ ജസ്ന ഗോരയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഐക്യകണ്ഠേന പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ മെത്രാന്മാർ തീരുമാനമെടുത്തത്. സെപ്തംബർ അഞ്ചാം തീയതിയിലെ വിശുദ്ധ കുർബാനയിൽ വിശ്വാസികൾ അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനായി പ്രത്യേകം പ്രാർത്ഥിക്കും. കാരിത്താസ് പാക്കിസ്ഥാനുമായി ചേർന്ന് 1500 കുടുംബങ്ങൾക്ക് സഹായം നൽകുന്ന മൂന്നു മാസം നീണ്ടുനിൽക്കുന്ന പദ്ധതി ഉടനെ ആരംഭിക്കുമെന്ന് ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലോ ഗേഡക്കി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഏറ്റവുമധികം ആളുകൾ പലായനം ചെയ്തിരിക്കുന്നത് പാക്കിസ്ഥാനിലേക്കാണ്. അഭയാർത്ഥികൾക്ക് മരുന്ന് അടക്കമുള്ള സഹായങ്ങൾ നൽകുന്നതിനായി പോളണ്ടിലെ കാരിത്താസും ദേശീയതലത്തിൽ പദ്ധതിക്ക് തുടക്കമിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

937 പേരെ പോളണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും രാജ്യത്തേക്ക് കൊണ്ടു വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ജനങ്ങളും, അമേരിക്കൻ പൗരന്മാരുമടക്കം യു‌എസ് സൈനികരുടെ പിന്മാറ്റത്തിനു മുന്‍പ് അഫ്ഗാനിസ്ഥാൻ വിടാൻ ശ്രമം നടത്തുന്നതിനിടെ ഓഗസ്റ്റ് 15നാണ് താലിബാൻ രാജ്യ തലസ്ഥാനമായ കാബൂളിന്റെ ഭരണം പിടിച്ചത്. ഇതിനിടയിൽ കാബൂൾ വിമാനത്താവളത്തിന് സമീപം നടന്ന ബോംബാക്രമണത്തിൽ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.


Related Articles »