News
ഛത്തീസ്ഗഢിൽ യുവ വചനപ്രഘോഷകന് ഹിന്ദുത്വവാദികളുടെ ക്രൂര മര്‍ദ്ദനം: ബൈബിള്‍ കീറിക്കളഞ്ഞതായും റിപ്പോർട്ട്
പ്രവാചകശബ്ദം 01-09-2021 - Wednesday
ഡല്‍ഹി: ഛത്തീസ്ഗഢിലെ കബീര്‍ധാം ജില്ലയിലെ പൊല്‍മി ഗ്രാമത്തില്‍ പ്രൊട്ടസ്റ്റന്റ് വചനപ്രഘോഷകനെ നൂറോളം വരുന്ന ഹിന്ദുത്വവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ബൈബിളുകൾ കീറി കളയുകയും ചെയ്തതായി റിപ്പോർട്ട്. ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള കാവല്‍സിംഗ് പരാസ്തെയാണ് ഹിന്ദുത്വവാദികളുടെ ആക്രമണത്തിനിരയായതെന്നു 'ഏഷ്യ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്റ്റ്യന്‍സ് (ജി.സി.ഐ.സി) പ്രസിഡന്റായ സാജന്‍ കെ ജോര്‍ജ്ജാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നു സാജന്‍ ഏഷ്യാന്യൂസിനോട് പ്രസ്താവിച്ചു. ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാന്‍ ടൈംസും' ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വചനപ്രഘോഷകനെയും കുടുംബത്തേയും ലക്ഷ്യമിട്ടെത്തിയ ഹിന്ദുത്വവാദികള്‍ ബൈബിളുകള്‍ കീറിക്കളയുകയും, സ്ത്രീകളെ ആക്രമിച്ചെന്നും സാജന്‍ കെ ജോര്‍ജ്ജ് വെളിപ്പെടുത്തി. കാവല്‍സിംഗ് പരാസ്തെയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ നൂറോളം വരുന്ന അക്രമികള്‍ ആരാധനാ സാമഗ്രികളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും, പരാസ്തെയെ ക്രൂരമായി മര്‍ദ്ദിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയ ശേഷം രക്ഷപ്പെടുകയായിരുന്നെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ആക്രമണത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും സംശയിക്കപ്പെടുന്ന ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ക്രൈസ്തവര്‍ക്ക് നേരെ നടന്ന മുന്‍ ആക്രമണങ്ങള്‍ പോലെ തന്നെ ഈ കേസും അവസാനിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികളായ ക്രിസ്ത്യാനികള്‍. ഒരിക്കല്‍ കൂടി ക്രിസ്ത്യാനികള്‍ ആക്രമത്തിനും, വിവേചനത്തിനും, മതസ്വാതന്ത്ര്യ നിഷേധത്തിനും ഇരയായിരിക്കുന്നുവെന്നും ഒരു മതനിരപേക്ഷ രാജ്യമാണെങ്കിലും മതന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലുള്ള മതന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും സാജന്‍ കെ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും വിശുദ്ധ ലിഖിതങ്ങള്‍ വലിച്ച് കീറുകയും ചെയ്ത വര്‍ഗ്ഗീയവാദികള്‍ ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
2.3 ശതമാനത്തോളം മാത്രമാണ് രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ എന്ന വസ്തുത മതപരിവര്‍ത്തനമെന്ന ഹിന്ദുത്വവാദികളുടെ അവകാശവാദങ്ങള്‍ വെറും വ്യാജ പ്രചാരണം മാത്രമാണെന്നതിന്റെ തെളിവാണെന്നും സാജന്‍ കെ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. അതേസമയം കൊറോണ കാലത്തും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണ്. ഭാരതത്തില്‍ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ജനക്കൂട്ട ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്. ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, പോലീസും മാധ്യമങ്ങളും കണ്ടില്ലെന്നു നടിക്കുന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.ലോകത്തെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ അന്‍പതു രാജ്യങ്ങളുടെ ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക