News - 2025
ഹെയ്തിയിൽ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 12-09-2021 - Sunday
പോര്‍ട്ട് ഓ പ്രിന്‍സ്: നോർത്ത് അമേരിക്കൻ രാജ്യമായ ഹെയ്തിയിൽ വയോധികനായ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു. 70 വയസ്സുകാരനായ ഫാ. ആന്ധ്രേ സിൽവസ്ട്രിയാണ് കൊല്ലപ്പെട്ടത്. ബാങ്കിൽ നിന്ന് പണവുമായി പുറത്തേക്ക് വരുന്ന സമയത്ത് ആയുധധാരികളായ ഏതാനുംപേർ ആക്രമണം നടത്തുകയായിരുന്നു. എന്നാൽ അവർക്ക് പണമടങ്ങിയ ബാഗ് കൈക്കലാക്കാൻ സാധിച്ചില്ല. നോട്ടർ ഡാം ഡി ലാ മേർസി എന്ന ഇടവകയിലാണ് ഫാ. ആന്ധ്രേ സേവനം ചെയ്തിരുന്നത്. ഏതാനും വർഷങ്ങളായി രാഷ്ട്രീയ അരക്ഷിതാവസ്ഥയും, സാമ്പത്തിക പ്രതിസന്ധിയും മൂലം രാജ്യം നട്ടംതിരിയുകയാണ്. ഏപ്രിൽ 400 മസാവോ എന്ന പേരിൽ അറിയപ്പെടുന്ന ക്രിമിനൽസംഘം 5 വൈദികരും, 2 സന്യാസികളും, ഉൾപ്പെടെ 10 കത്തോലിക്കാ വിശ്വാസികളെ തട്ടിക്കൊണ്ടു പോയിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു.
തട്ടിക്കൊണ്ടുപോകുന്ന കേസുകൾ ഇല്ലാത്ത ഒരു രാജ്യത്ത് ജീവിതം സാധ്യമായാൽ മാത്രമേ സംതൃപ്തി ലഭിക്കുകയുള്ളൂവെന്ന് പോർട്ട് ഓ പ്രിൻസ് ആർച്ചുബിഷപ്പ് മാക്സ് ലിറോയി മെസിഡോർ അവരുടെ മോചനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞിരുന്നു. ആളുകൾക്ക് സ്വതന്ത്രമായി രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള സാഹചര്യം സംജാതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇതിന് ശേഷവും നിരവധി പ്രതിസന്ധികളാണ് രാജ്യത്ത് ഉണ്ടായത്. ഏതാനും നാൾ മുമ്പ് ഉണ്ടായ ഒരു ഭൂമികുലുക്കം 2000 ആളുകളുടെ ജീവൻ കവർന്നെടുത്തു. കൂടാതെ ഹെയ്തിയുടെ പ്രസിഡന്റ് അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി വളരെയധികം രൂക്ഷമാക്കിയിട്ടുണ്ട്.