News - 2025
ബൈസന്റൈൻ ആരാധനക്രമത്തിൽ ദിവ്യബലി അര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 15-09-2021 - Wednesday
പ്രസോവ്: ഫ്രാന്‍സിസ് പാപ്പയുടെ സ്ലോവാക്യൻ പര്യടനത്തിന്റെ മൂന്നാം ദിനമായ ഇന്നലെ കോസൈസലിലെ മെസ്റ്റസ്‌ക സ്‌പോർട്ടോവ ഹാല ചത്വരത്തിൽ പാപ്പ അര്‍പ്പിച്ച ബലി ബൈസന്റൈൻ (ഗ്രീക്ക്) ആരാധനക്രമത്തിൽ. ബലിയര്‍പ്പണത്തിന് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങളുടെ സവിശേഷതകൾ മുതൽ ഏറെ വ്യത്യസ്ഥതകൾ ഉള്‍പ്പെട്ടിരിന്ന ബൈസന്റൈന്‍ ആരാധന ക്രമത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പ്രസോവ് ആര്‍ച്ച് ബിഷപ് ജന്‍ ബാബ്ജാംഗ് മുഖ്യകാര്മികത്വം വഹിച്ചു. നിരവധി ഗ്രീക്ക് ലാറ്റിന്‍ മെത്രാന്മാരും അനേകം വൈദികരും പങ്കെടുത്തു.
പാപ്പയും മറ്റ് റോമൻ സഭാ വൈദികരും റോമൻ ആരാധനക്രമ പ്രകാരമുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞും പ്രിസോവ് മെട്രോപൊളിറ്റൻ ആർച്ച്ബിഷപ്പ് ജാൻ ബാബ്ജാക്ക് ഉൾപ്പെടെയുള്ള ഗ്രീക്ക് സഭാ വൈദികർ അവരുടെ തനത് തിരുവസ്ത്രങ്ങൾ അണിഞ്ഞുമാണ് ബലിവേദിയിൽ എത്തിയത്. വിശുദ്ധ ജോൺ ക്രിസോസ്‌തോമിന്റെ അനാഫൊറയിൽ (കാനോൻ) അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ മുപ്പതിനായിരത്തിലധികം പേരാണ് നേരിട്ട് പങ്കെടുത്തത്. അതേസമയം വത്തിക്കാന്‍ മീഡിയ അടക്കമുള്ള വിവിധ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് വിശ്വാസികള്‍ തിരുക്കർമങ്ങളിൽ പങ്കുചേര്‍ന്നു.
2011ലെ സെന്സസ് പ്രകാരം സ്ലോവാക്യന്‍ ജനസംഖ്യയില്‍ 65.8 ശതമാനം കത്തോലിക്കരാണ്. ആകെ ജനസംഖ്യയുടെ 62 ശതമാനം ലത്തീന്‍ കത്തോലിക്കരും 3.8 ശതമാനം ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളുമാണ്. ഇതില്‍ ഗ്രീക്ക് കത്തോലിക്കാ വിശ്വാസികളാണ് ബൈസന്റൈന്‍ ആരാധനക്രമം പിന്തുടരുന്നത്. ഇരുസഭകളും തമ്മിലുള്ള ഐക്യത്തിന്റെ ഭാഗമായാണ് ഫ്രാന്സിസ് മാര്പാപ്പ ഇന്നലെ ബൈസന്റൈന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ആകെ ആറായിരത്തോളം വിശ്വാസികളാണ് ബൈസന്റൈൻ (ഗ്രീക്ക്) സഭയില്‍ ഉള്ളത്.