News

വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങളില്‍ ആശങ്കയുമായി ക്രൈസ്തവര്‍

പ്രവാചകശബ്ദം 15-09-2021 - Wednesday

ഡമാസ്ക്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ ആശങ്കയുമായി മേഖലയിലെ ക്രിസ്ത്യന്‍ സമൂഹം. തുര്‍ക്കിയുടെ നേതൃത്വത്തിലുള്ള സമീപകാല സൈനീക നടപടികള്‍ നിരവധി ക്രിസ്ത്യാനികളേയും, മതന്യൂനപക്ഷ അംഗങ്ങളേയും ഭവനരഹിതരാക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നത്. ടെല്‍ ടാമെര്‍ എന്ന ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിനെതിരെ സമീപ ദിവസങ്ങളില്‍ തുര്‍ക്കി നടത്തിയ ബോംബാക്രമണങ്ങളാണ് ഇപ്പോഴത്തെ ആശങ്കക്ക് കാരണമായത്.

തുര്‍ക്കി നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു സ്കൂളുകളും, മുനിസിപ്പാലിറ്റി കെട്ടിടവും, ഒരു ബേക്കറിയും, വൈദ്യത ലൈനും തകര്‍ന്നതായി വടക്കു കിഴക്കന്‍ സിറിയയിലെ പ്രമുഖ ക്രിസ്ത്യന്‍ പോരാളി സംഘടനയായ സിറിയക്ക് മിലിട്ടറി കൗണ്‍സിലിന്റെ വക്താവായ മതായി ഹന്ന ‘വോയിസ് ഓഫ് അമേരിക്ക’ (വി.ഒ.എ) എന്ന വാര്‍ത്ത മാധ്യമത്തോട് വെളിപ്പെടുത്തി. സിവിലിയന്‍ കേന്ദ്രങ്ങളെ ആക്രമിക്കുന്നത് നിരോധിക്കുന്ന അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ് തുര്‍ക്കിയുടെ നടപടിയെന്നും മതായി ഹന്ന ആരോപിച്ചു.

സിറിയ തുര്‍ക്കി അതിര്‍ത്തി മേഖലകളില്‍ തുര്‍ക്കി നടത്തിവരുന്ന ആക്രമണങ്ങള്‍ അസ്സീറിയന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ക്രിസ്ത്യാനികളുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്നാണ് ‘സിറിയക് നാഷണല്‍ കൗണ്‍സില്‍’ പ്രസിഡന്റ് ബാസം ഇഷാക്ക് പറയുന്നത്. തുര്‍ക്കിയുടെ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും, സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്കും, യസീദികള്‍ക്കും, കുര്‍ദ്ദുകള്‍ക്കുമെതിരെ തുര്‍ക്കി പിന്തുണയോടെ സിറിയന്‍ സംഘടനകള്‍ അതിക്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യു.എന്‍ അന്വേഷണ കമ്മീഷനും ആരോപിച്ചതിന് പുറമേ, പ്രദേശവാസികളെ മേഖലയില്‍ നിന്നും ആട്ടിപ്പായിച്ചു കൊണ്ട് ജനസംഖ്യാ വ്യതിയാനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കെതിരെ തുര്‍ക്കി നടത്തുന്ന ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന്‍ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ അദ്ധ്യക്ഷയായ നാദൈന്‍ മായെന്‍സാ പ്രതികരിച്ചു. ഭീകരവിരുദ്ധ ആക്രമണങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളെ തുര്‍ക്കി ന്യായീകരിക്കുകയാണെന്ന് തുര്‍ക്കിയിലെ മുന്‍ പാര്‍ലമെന്റംഗമായ അയ്കാന്‍ എര്‍ഡെമിറും കുറ്റാരോപണം നടത്തിയിരിന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രമുഖ പങ്കാളിയും കുര്‍ദ്ദിഷ് മിലിട്ടറി സഖ്യവുമായ സിറിയന്‍ ഡെമോക്രാറ്റിക്‌ ഫോഴ്സസിന്റെ (എസ്.ഡി.എഫ്) ഒരു ഭാഗമാണ് സിറിയക്ക് മിലിട്ടറി കൗണ്‍സില്‍. എസ്.ഡി.എഫ് പോരാളികളുമായുള്ള കടുത്ത പോരാട്ടത്തിനൊടുവില്‍ 2019 ഒക്ടോബര്‍ മുതലാണ് തുര്‍ക്കി സൈന്യവും, അവരുടെ സിറിയന്‍ പങ്കാളികളും വടക്കു-കിഴക്കന്‍ സിറിയയിലെ ചില ഭാഗങ്ങളുടെ നിയന്ത്രണമേറ്റെടുത്തത്. അന്നുമുതല്‍ക്കേ തന്നെ തുര്‍ക്കി സൈന്യവും പ്രാദേശിക പോരാളികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ പതിവായിരിക്കുകയാണ്. തുര്‍ക്കിയുടെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടെല്‍ ടാമെറില്‍ നടത്തിയ ബോംബാക്രമണം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 694