India - 2025

ഒരു മതത്തോടും അസഹിഷ്ണുതയില്ല: പ്രസ്താവനയുമായി താമരശ്ശേരി രൂപത

പ്രവാചകശബ്ദം 16-09-2021 - Thursday

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും: 33 ചോദ്യങ്ങളിലൂടെ' എന്ന കൈപുസ്​തകം ചിലര്‍ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രസ്താവനയുമായി രൂപതാനേതൃത്വം. അടുത്തകാലത്ത് ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും, ചില മത പ്രബോധകരെഴുതിയ ക്രൈസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളുടെയും പശ്ചാത്തലത്തില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും ആവശ്യം മാനിച്ചാണ് പുസ്തകം പുറത്തിറക്കിയതെന്നു രൂപത വിശദീകരിച്ചു.

പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലായെന്നും അത്തരത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോണ്‍ പള്ളിക്കാവയല്‍ പ്രസ്താവനയില്‍ അറിയിച്ചു.

താമരശ്ശേരി രൂപത മതബോധന വിഭാഗം പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂർണ്ണരൂപം ‍

“കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും വിശ്വാസത്തിലുള്ള പരിശീലനമാണ് മതബോധനം. ക്രൈസ്തവ ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് ശ്രോതാക്കളെ നയിക്കുക എന്ന ലക്ഷ്യത്തോടെ, സജീവമായും, കമീകൃതമായും ക്രൈസ്തവ പ്രബോധനങ്ങൾ പഠിപ്പിക്കുകയാണ് മതബോധനത്തിന്റെ മുഖ്യധർമ്മം” (കത്തോലിക്ക മതബോധന ഗ്രന്ഥം 5). പരമ്പരാഗതമായി മാതാപിതാക്കന്മാരുടെയും, വൈദികരുടെയും, മതാധ്യാപകരുടെയും, സമർപ്പിതരുടെയും മാർഗ്ഗനിർദ്ദേശത്തിൽ നടക്കുന്നതാണ് മതബോധനം. സഭയിൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് അടിസ്ഥാന മതബോധനം ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഈ പ്രദേശത്തെ വിവിധ ഇടവകകളിലെ യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിൽ അടിസ്ഥാന ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച നിരവധി സംശയങ്ങൾ ഉയർന്നുവരികയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മതപഘോഷകരും, ക്രൈസ്തവ വിരോധികളും, ക്രൈസ്തവ വിശ്വാസത്തിനെതിരെ നിരന്തമായി നടത്തിയ തെറ്റായ പ്രബോധനങ്ങളും, മറ്റു മതത്തിൽപ്പെട്ട സമപ്രായക്കാരായ സഹപാഠികളുടെ ചോദ്യങ്ങളും, അവർ നല്കിയ തെറ്റായ വിശദീകരണങ്ങളും, ക്രൈസ്തവ മതത്തിനെതിരെയുള്ള തെറ്റായ പ്രചരണങ്ങളും, ചില മത പ്രബോധകരെഴുതിയ ക്രൈസ്തവ വിരുദ്ധമായ ഗ്രന്ഥങ്ങളും, പരിശുദ്ധ ത്രിത്വത്തെ തെറ്റായി അവതരിപ്പിക്കുന്ന ലീഫല്ലെറ്റുകളും, സി.ഡി.കളും, പുസ്തകങ്ങളും ഉയർത്തിവിടുന്ന ക്രൈസ്തവ വിശ്വാസ മതവിരുദ്ധതയാണ് യുവജനങ്ങളിൽ സംശയങ്ങൾ ജനിപ്പിച്ചത്.

യേശു രക്ഷകനാകുന്നത് എങ്ങനെ?, യേശുവിന്റെ കുരിശുമരണം ഒരു കെട്ടുകഥയോ?, ബൈബിൾ തിരുത്തപ്പെട്ടുവോ?, പരി.ത്രിത്വത്തിലുള്ള വിശ്വാസം ബഹുദൈവവിശ്വാസമാണോ?, ആരാണ്പ രിശുദ്ധാത്മാവ്? തുടങ്ങിയ ചോദ്യങ്ങൾ ചില ഉദാഹരണങ്ങളാണ്. കഴിഞ്ഞ കുറച്ചുനാളുകളായി ക്രൈസ്തവ യുവതികളെയും, പെൺകുട്ടികളെയും ലക്ഷ്യം വച്ച് പലവിധത്തിലുള്ള sex terrorism നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. അതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ നൂറിലധികം കുട്ടികൾ ചില ചെറുപ്പക്കാരിലൂടെ പ്രണയവിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും, പീഡനത്തിനും, ഇരകളായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹീനകൃത്യം ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാൾ സംഘടിതമായ ചില നിഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

വിവാഹത്തിലേക്ക് അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും വിവാഹശേഷം അവർ നേരിടുന്ന അപകടകരമായിട്ടുള്ള ജീവിതാവസ്ഥയും ഈ സംശയത്തെ ഉറപ്പിച്ചു. ഇത്തരത്തിലുള്ള കേസുകളിൽ ഈ യുവാക്കൾക്ക് നിയമസംരക്ഷണമടക്കം നല്കാനുള്ള സംഘടിതമായ ശ്രമങ്ങൾ നടക്കുന്നത്, പലപ്പോഴും ഇരകളാക്കപ്പെടുന്ന പെൺകുട്ടികളെയും, ഇരകളുടെ ബന്ധുക്കളെയും നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നു. ക്രൈസ്തവമതത്തിനും വിശ്വാസത്തിനുമെതിരായി ഉയർന്നുവരുന്ന തെറ്റായ പ്രചരണങ്ങളും, പ്രബോധനങ്ങളും, കസ്തവ പെൺകുട്ടികൾ അടക്കമുള്ള യുവജനങ്ങൾ നേരിടുന്ന ലൈംഗിക പീഡനമടക്കമുള്ള വിവിധ പ്രതിസന്ധികളും, അതിജീവിക്കുവാൻ ആവശ്യമായ മുന്നറിയിപ്പുകൾ രൂപതയിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കും, നല്കണമെന്ന് ധാരാളം വ്യക്തികൾ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസപരിശീലനത്തിലെ ഉപപാഠപുസ്തകമായി, സംശയങ്ങൾക്ക് ഉത്തരവും, വിശദീകരണവും കൊടുക്കുന്നതിന് ഒരു കൈപുസ്തകം മതബോധന കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

രൂപതയ്ക്ക് ഏതെങ്കിലും വിശ്വാസത്തോടോ, മതത്തോടോ യാതൊരുവിധ വിവേചനമോ അസഹിഷ്ണുതയോ ഇല്ല. ഏതെങ്കിലും മതത്തോടോ, വിശ്വാസത്തോടോ ഉള്ള വിദോഷമോ എതിർപ്പോ കൊണ്ടല്ല മറിച്ച്, ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസബോധ്യത്തിൽ നിലനിർത്തുകയും പെൺകുട്ടികളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഈ പുസ്തക രചനയ്ക്ക് പിന്നിൽ. വിശ്വാസസംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും, ക്രൈസ്തവ യുവജനങ്ങൾക്ക് ബോധവത്ക്കരണം നല്കുന്നതിനും 10, 11, 12 ക്ലാസ്സുകളിലെ മതബോധന വിദ്യാത്ഥികളുടെ സംശയ നിവാരണത്തിനായി രൂപതാ മതബോധന കേന്ദ്രം ഇറക്കിയതാണ്ഈ പുസ്തകം.

ക്രിസ്തു പ്രഘോഷിച്ച സാർവ്വത്രിക സ്നേഹവും ആഗോള കത്തോലിക്കാസഭയുടെ പിതാവും തലവനുമായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിഭാവനം ചെയ്യുന്ന സാർവ്വത്രിക മത സാഹോദര്യവും സഹവർത്തിത്വവുമാണ് ഞങ്ങൾ പ്രഘോഷിക്കുന്നത്. ഈ പുസ്തകത്തിലൂടെ ഒരു മതത്തെയും വിശ്വാസത്തെയും വണപ്പെടുത്താൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തിൽ ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടാവുകയോ വിഷമമുണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. മത സൗഹാർദ്ദത്തിനെതിരെയുള്ള എല്ലാ തെറ്റായ പ്രബോധനങ്ങൾക്കെതിരെ യും ജാഗ്രത പുലർത്തണമെന്നും സമുദായ സൗഹാർദ്ദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ചെറുക്കണമെന്നും സമുദായ സൗഹാർദ്ദം വളർത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 414