News
33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയം കാലിഫോര്‍ണിയയില്‍ ഉയരുന്നു
പ്രവാചകശബ്ദം 18-09-2021 - Saturday
വിസാലിയ: അമേരിക്കയിലെ ഏറ്റവും വലിയ ഇടവക ദേവാലയത്തിന്റെ നിര്‍മ്മാണം കാലിഫോര്‍ണിയയില്‍ അധികം താമസിയാതെ പൂര്‍ത്തിയാകും. കാലിഫോര്‍ണിയ വിസാലിയയില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സെന്റ് ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയത്തില്‍ ഒരേസമയം ഏതാണ്ട് മൂവായിരത്തിഇരുന്നൂറോളം വിശ്വാസികളെ ഉള്‍കൊള്ളുവാനാകും. 2022-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിവിധ ഇടവകകളുടേയും, കൂട്ടായ്മകളുടേയും ആത്മീയ കേന്ദ്രമായി ഈ ദേവാലയം മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വാഷിംഗ്‌ടണ്‍ ഡി.സി യിലെ ബസലിക്ക ഓഫ് ദി നാഷണല്‍ ഷ്രൈന്‍ ഓര്‍ ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയമാണ് ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍കൊള്ളുന്ന ദേവാലയ കെട്ടിടം. പക്ഷേ ഈ ദേവാലയത്തെ ഇടവകദേവാലയമായി പരിഗണിക്കുന്നില്ല.
കാലിഫോര്‍ണിയയുടെ മിഷന്‍ ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് 33,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ ശൈലി. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇരിപ്പിട ക്ഷമതയുടെ കാര്യത്തില്‍ അമേരിക്കയിലെ മറ്റ് ഇടവക ദേവാലയങ്ങളേക്കാള്‍ മുന്നിലായിരിക്കും സെന്റ് ചാള്‍സ് ബൊറോമിയോ കത്തോലിക്കാ ദേവാലയം. ഫ്രെസ്നോ രൂപതയുടേയും സ്വകാര്യ വ്യക്തികളുടേയും സംഭാവനകള്‍ കൊണ്ടാണ് ദേവാലയം നിര്‍മ്മിക്കുന്നത്.
അള്‍ത്താരക്ക് മുകളിലായിട്ടുള്ള അഷ്ടഭുജങ്ങളോടു കൂടിയ താഴികകുടത്തില്‍ നാല് സുവിശേഷകരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യും. പരിശുദ്ധ ത്രിത്വത്തിന്റെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന വിശുദ്ധ ഗണത്തേയും അവര്‍ക്ക് മുകളിലായി പ്രധാന മാലാഖമാരേയും ചിത്രീകരിക്കുന്ന 48 അടി വലുപ്പമുള്ള കാന്‍വാസ് ചുവര്‍ ചിത്രം മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. കാര്‍ഷിക മേഖലയായ വിസാലിയയില്‍ കാണപ്പെടുന്ന നാരകങ്ങളും, പശുക്കളും ചിത്രത്തിന്റെ പ്രമേയമായിരിക്കും. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന വൈദികരുടെ അഭാവമാണ് വലിയ ദേവാലയ നിര്‍മ്മാണത്തിന്റെ പ്രധാന കാരണം. മറ്റ് ഭാഗങ്ങളേപ്പോലെ തന്നെ കാലിഫോര്‍ണിയയിലും വൈദികരുടെ എണ്ണം കുറഞ്ഞുവരികയാണ്.
വിസാലിയ മേഖലയിലെ പുരോഹിതരുടെ കുറവ് മറികടക്കുന്നതിനായി 2016-ല്‍ മൂന്ന്‍ ഇടവകകളെ ഗുഡ്ഷെപ്പേര്‍ഡ് ഇടവകയില്‍ ലയിപ്പിക്കുകയുണ്ടായി. ഒരു കേന്ദ്രീകൃത ദേവാലയ കെട്ടിടമില്ലായിരുന്നുവെങ്കിലും വിസാലിയയുടെ ചുറ്റുപാടുമുള്ള മേഖലകളില്‍ 3 വൈദികര്‍ ആഴ്ചതോറും 11 കുര്‍ബാനകള്‍ വീതം അര്‍പ്പിച്ചു വരികയായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചാള്‍സ് ബൊറോമിയോ ദേവാലയം വിവിധ വംശങ്ങളുടെ ആത്മീയ കേന്ദ്രമായി മാറും. വിസാലിയയിലെ ഭൂരിഭാഗവും ലാറ്റിനോ ആണെങ്കിലും, പോര്‍ച്ചുഗീസുകാരും, മറ്റ് യൂറോപ്യന്‍ വംശജരും, വിയറ്റ്നാമികളും, ഫിലിപ്പീനോകളും ഇടവകജനതയില്‍ ഉള്‍പ്പെടും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക