India - 2025

ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്ക്

പ്രവാചകശബ്ദം 19-09-2021 - Sunday

ഭരണങ്ങാനം: ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലിയിലേക്കു പ്രവേശിക്കുന്നു. 1947 ഒക്ടോബര്‍ മൂന്നിന് ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി. ഏബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ ആരംഭിച്ച മിഷന്‍ ലീഗ് സംഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിനു തലശേരി അതിരൂപതയില്‍ നടത്തും. ബിഷപ്പുമാരും മിഷന്‍ ലീഗ് അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പങ്കെടുക്കും.

75ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ 50,000 ദൈവവിളികളെ സഭയ്ക്കു സംഭാവന ചെയ്യാന്‍ സംഘടനയ്ക്കു സാധിച്ചു. അതില്‍ 52 പേര്‍ വൈദിക മേലധ്യക്ഷന്മാരാണ് എന്നുള്ളത് അഭിമാനകരമാണ്. പ്ലാറ്റിനം ജൂബിലി ഉദ്ഘാടനത്തിന്റെ വിളംബരമായി സെപ്റ്റംബര്‍ 25 ന് മിഷന്‍ലീഗ് സ്ഥാപക നേതാക്കളായ മാലിപ്പറമ്പിലച്ചന്റെയും കുഞ്ഞേട്ടന്റെയും കബറിടത്തിങ്കല്‍ നിന്നും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മഠത്തില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണങ്ങള്‍ അല്‍ഫോന്‍സാ ചാപ്പലില്‍ എത്തിച്ചേരും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

പ്ലാറ്റിനം ജൂബിലിയുടെ ലോഗോ കഴിഞ്ഞ ദിവസം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, പാലാ രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പിലിനു നല്‍കി പ്രകാശനം ചെയ്തു. അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന, രൂപത, മേഖല, ശാഖാ തലങ്ങളില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജബിലി ആഘോഷപരിപാടികള്‍ക്കാണ് ഒക്ടോബര്‍ മൂന്നിനു തുടക്കമാവുക.


Related Articles »