News
ഇസ്ലാമിക തീവ്രവാദികള്‍ തരിപ്പണമാക്കിയ ഇറാഖി നഗരത്തില്‍ സ്കൂളും ചാപ്പലും തുറക്കാന്‍ കന്യാസ്ത്രീകള്‍
പ്രവാചകശബ്ദം 22-09-2021 - Wednesday
ക്വാരഘോഷ്: ഇറാഖിലെ നിനവേ താഴ്വരയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തരിപ്പണമാക്കിയ പ്രമുഖ ക്രിസ്ത്യന്‍ പട്ടണമായ ക്വാരഘോഷിന്റെ പുനര്‍നിര്‍മ്മാണവും, പലായനം ചെയ്ത ക്രൈസ്തവരുടെ മടങ്ങി വരവും പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ സ്കൂളും, ചാപ്പലും തുറക്കുവാന്‍ കത്തോലിക്കാ സന്യാസിനികള്‍. 1890 മുതല്‍ മേഖലയില്‍ സാന്നിധ്യമുള്ള സിയന്നായിലെ സെന്റ് കാതറിൻ സമൂഹത്തില്‍പ്പെട്ട ഡൊമിനിക്കന്‍ കന്യാസ്ത്രീകളാണ് പുതിയ സ്കൂളും ചാപ്പലും തുടങ്ങുവാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധിനിവേശം അവസാനിച്ചതിന് ശേഷം ക്രിസ്ത്യന്‍ സമൂഹത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി ആദ്യം ക്വാരഘോഷിലെത്തിയവരില്‍ ഈ കന്യാസ്ത്രീകളും ഉള്‍പ്പെടുന്നുണ്ടായിരിന്നു.
നിരവധി ക്രൈസ്തവര്‍ക്ക് സ്വന്തം ദേശത്തേക്ക് മടങ്ങിവരുന്നതിന് ഈ സന്യാസിനികളുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ ഒരു ഹൈസ്കൂള്‍ പണിയുക എന്നത് 2016 മുതല്‍ക്കേ തന്റെ ഒരു സ്വപ്നമായിരുന്നെന്നു ഡൊമിനിക്കന്‍ സന്യാസിനി സഭയുടെ സുപ്പീരിയറായ സിസ്റ്റര്‍ ക്ലാരാ നാസ് പറഞ്ഞു. പുതിയ സ്കൂള്‍ തുറക്കുവാന്‍ 2018-ലാണ് സിസ്റ്റര്‍ ക്ലാര പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയുടേയും, ഓസ്ട്രിയന്‍ ഫെഡറല്‍ ചാന്‍സിലിയറിയുടേയും സഹായം തേടുന്നത്.
തീവ്രവാദികളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ കാരണം വര്‍ഷങ്ങളോളം കഷ്ടതകള്‍ സഹിച്ച യുവസമൂഹത്തിന് അനുരഞ്ജനത്തിനും, സൗഖ്യത്തിനും പറ്റിയ വേദി ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു സിസ്റ്റര്‍ ക്ലാര കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രദേശത്തെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വളരെ മോശമാണ്. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം സ്കൂളുകള്‍ രണ്ട് ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുകയാണ്. മടങ്ങിവരുന്നവരുടെ ഏറ്റവും വലിയ ആശങ്കകളില്‍ ഒന്നായിരുന്നു മക്കളുടെ വിദ്യാഭ്യാസം. അതിനാല്‍ തന്നെ പുതിയ സ്കൂള്‍ വരുന്ന വിവരം വളരെയേറെ സന്തോഷത്തോടെയാണ് പ്രദേശവാസികള്‍ സ്വീകരിച്ചതെന്നും എ.സി.എന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തിനു മുന്‍പേ തന്നെ ‘അല്‍-തായിരാ’ എന്ന പേരില്‍ ഒരു പ്രൈമറി സ്കൂള്‍ ഈ സന്യാസിനികള്‍ നടത്തിയിരുന്നു. അഭയാര്‍ത്ഥികളായി ഇര്‍ബിലില്‍ കഴിയുമ്പോഴും താല്‍ക്കാലിക സ്കൂളുകളില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് തങ്ങളുടെ പ്രേഷിത ദൗത്യം ഇവര്‍ തുടര്‍ന്നു. 2017-ല്‍ ക്വാരഘോഷിലെ ‘അല്‍-തായിരാ പ്രൈമറി സ്കൂള്‍ വീണ്ടും തുറന്നിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു ഏതാണ്ട് 1,20,000 ക്രൈസ്തവരാണ് ഇറാഖി കുര്‍ദ്ദിസ്ഥാന്‍ തലസ്ഥാനമായ ഇര്‍ബിലിലേക്ക് പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായത്. സെക്കണ്ടറി സ്കൂളിനു പുറമേ, ആറോളം കിന്റര്‍ഗാര്‍ട്ടന്‍ സ്കൂളുകളുടേയും, ഒരു അനാഥാലയത്തിന്റേയും പുനര്‍നിര്‍മ്മാണം പോലെയുള്ള നിരവധി പദ്ധതികള്‍ക്കും എ.സി.എന്‍ പിന്തുണ നല്‍കിയിട്ടുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക