News - 2025

ഇവിടെ വർഗീയതയല്ല, തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളാണ് പ്രശ്നം: മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് വൈറല്‍

പ്രവാചകശബ്ദം 21-09-2021 - Tuesday

ചങ്ങനാശ്ശേരി: മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനെ വര്‍ഗ്ഗീയവത്ക്കരിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടിയുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിച്ചത്. ഇവിടെ വർഗീയതയല്ല പ്രശ്നമെന്നും തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതുമെന്നും മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചു.

തന്റെ ജനങ്ങൾക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആഹ്വാനം കേട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടിട്ടില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നുവെന്നും പിന്നെ എന്താണ് പ്രശ്നമെന്നും മാര്‍ തോമസ് തറയില്‍ ചോദ്യമുയര്‍ത്തി.

മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്ന വാക്കുകളോടെയാണ് അദ്ദേഹത്തിന്റെ സന്ദേശം ആരംഭിക്കുന്നത്. അതേസമയം "വർഗീയതയാണോ യഥാർത്ഥ പ്രശ്നം?" എന്ന തലക്കെട്ടോടെ മാര്‍ തോമസ് തറയില്‍ പങ്കുവെച്ച കുറിപ്പ് നൂറുകണക്കിനാളുകളാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‍

വർഗീയതയാണോ യഥാർത്ഥ പ്രശ്നം?

മലയാള ചാനലുകളിലെ അന്തിചർച്ചകൾ കണ്ടാൽ തോന്നും കേരളം മുഴുവൻ സാമുദായിക സംഘര്ഷങ്ങളാണെന്നു!!! യഥാർത്ഥത്തിൽ നമ്മുടെ സഹോദര്യത്തിനു എന്തെങ്കിലും കുറവുണ്ടോ? കഴിഞ്ഞ രണ്ടാഴ്ചത്തെ സാമൂഹിക ജീവിതത്തിൽ ഇതര മതവിശ്വാസികളുമായുള്ള ബന്ധത്തിൽ എന്തെങ്കിലും സാരമായ വിള്ളലുകൾ വീണതായി നമുക്കനുഭവമില്ല. നമ്മളെല്ലാം ഇന്നും സഹോദര്യത്തിനുവേണ്ടി നിലനിൽക്കുന്നു...അതുതന്നെ ജീവിക്കുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും ആരും ക്ഷതം ഏല്പിച്ചിട്ടില്ല. പിന്നെ എന്താണ് പ്രശ്നം.

ആദരണീയനായ അഭിവന്ദ്യ കല്ലറങ്ങാട്ടുപിതാവ് ഒരു മതവിശ്വാസത്തിനും എതിരായി ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. ഉന്നതമായ മാനവിക മൂല്യങ്ങൾക്കുവേണ്ടി എന്നും നിലകൊള്ളുകയും ഇത്തരമതങ്ങളുടെ വിശ്വാസങ്ങളെ പഠനങ്ങളുടെ പിൻബലത്തിൽ ആദരിക്കുകയും ചെയ്യുന്ന ആളാണദ്ദേഹമെന്നും നമുക്കറിയാം. പിന്നെ എന്താണ് പ്രശ്നം?

അദ്ദേഹം തന്റെ ജനങ്ങൾക്ക് നല്കിയ പ്രബോധനത്തിൽ ചില തീവ്രവാദ ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. അത് സ്വീകരിക്കാനോ തിരസ്‌കരിക്കണോ ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. ആ ആഹ്വാനം കെട്ടവരാരും ഒരുവിധ സംഘര്ഷങ്ങളിലും ഏർപെട്ടതായി നാം ഇന്നുവരെ കേട്ടുമില്ല. അവരെല്ലാം സ്വസ്ഥമായും ശാന്തമായും ജീവിക്കുന്നു. പിന്നെ എന്താണ് പ്രശ്നം?

പ്രശ്നമുണ്ടാക്കിയവർ തന്നെ പരിഹരിക്കണമെന്ന് പറയുമ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് കൂടി പറയുക. ഇവിടെ വർഗീയതയല്ല പ്രശ്നം. തീവ്രവാദ വിധ്വംസക പ്രശ്നങ്ങളാണ് നാം ചർച്ച ചെയ്യേണ്ടതും പരിഹാരം കാണേണ്ടതും.

ഒരു ചെറിയ സാമുദായിക സംഘർഷം പോലുമുണ്ടാകാത്ത വിഷയത്തിൽ, ഇപ്പോഴും സൗഹാർദ്ദത്തോടെ ജനങ്ങൾ ജീവിക്കുന്ന സാഹചര്യത്തിൽ എന്തിനുവേണ്ടി ഈ നാടകങ്ങൾ!

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 696