Seasonal Reflections - 2024
ജോസഫ്: ഹൃദയപൂർവ്വം ഒന്നിപ്പിക്കുന്നവൻ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 29-09-2021 - Wednesday
ലോകാരോഗ്യ സംഘടനയുമായി (Who) സഹകരിച്ച് 1999 ൽ വേൾഡ് ഹാർട്ട് ഫൗണ്ടേഷൻ ( World Heart Foundation) എല്ലാ വർഷവും ലോക ഹൃദയ ദിനം എന്ന ആശയം മുന്നോട്ടു വച്ചു. ആദ്യ ലോക ഹൃദയ ദിനാചരണം 2000 സെപ്റ്റംബർ 24 നായിരുന്നു.പിന്നീട് എല്ലാ വർഷവും സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയപൂർവ്വം ഏവരെയും ഒന്നിപ്പിക്കുക (use your heart to connect) എന്നതാണ് ഈ വർഷത്തെ (2021) ഹൃദയ ദിനസന്ദേശത്തിൻ്റെ മുഖ്യ സന്ദേശം.
ലോക ഹൃദയദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശം യൗസേപ്പിതാവിന്റെ ജീവ സന്ദേശമാണ്. ഹൃദയപൂർവ്വം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യനാണ് ഈശോയുടെ വളർത്തപ്പൻ യൗസേപ്പിതാവ്. ദൈവ പിതാവിൻ്റെ ഹൃദയം സ്വന്തമാക്കിയ യൗസേപ്പിനു എല്ലാവരെയും സ്നേഹിക്കുവാനും മനസ്സിലാക്കാനും സാധിച്ചതിനാൽ എല്ലാവരെയും ഒന്നിപ്പിക്കാൻ എളുപ്പമായിരുന്നു. ആ ദൗത്യം കുടുംബങ്ങളിലും സഭയിലും ആ നല്ല പിതാവ് തുടരുന്നു.
ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കേ യഥാർത്ഥ ജീവൻ പകരാൻ കഴിയു . അതുകൊണ്ടുതന്നെ യൗസേപ്പിതാവിനെ സമീപിച്ചാൽ വഴിയും സത്യവും ജീവനുമായ ഈശോയിൽ നമ്മൾ എത്തിച്ചേരും. എപ്പോഴും ദൈവത്തിനായി ദാഹിക്കുന്ന ഹൃദയമായിരുന്നു യൗസേപ്പിൻ്റേത്. അതിനാൽ നിതിക്കു നിരക്കാത്തതൊന്നും അവൻ ചെയ്തില്ല. ദൈവപിതാവിൻ്റെ ഭൂമിയിലെ പ്രതിനിധി അവൻ്റെയും ഹൃദയഭാവവും ഉൾക്കൊണ്ടതിനാൽ മാനുഷിക നീതിയെ അതിലംഘിക്കുന്ന ദൈവകാരുണ്യം നീതിമാനായ യൗസേപ്പിനെ നയിച്ചു.
യൗസേപ്പിതാവ് കുടുംബങ്ങളുടെയും തിരുസഭയുടെയും മദ്ധ്യസ്ഥനാണ്. യൗസേപ്പിതാവിന്റെ സന്നിധേ മദ്ധ്യസ്ഥതയുമായി എത്തിയാൽ ഹൃദയപൂർവ്വം എല്ലാവരെയും അവൻ ഒന്നിപ്പിക്കും. വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷാചരണത്തോട് അനുബന്ധിച്ചു ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച അപ്പോസ്തലിക ലേഖനത്തിൻ്റെ പേരു തന്നെ ''പിതാവിന്‍റെ ഹൃദയത്തോടെ'' (Patris Corde) ആണ് എന്നതു തന്നെ ഈ ദിനത്തിൻ്റെ മാറ്റുകൂട്ടുന്നു. പിതാവിന്റെ ഹൃദയത്തോടെ നമ്മളെ സ്നേഹിക്കുകയും നമ്മുടെ നന്മ ആഗ്രഹിക്കുകയും ചെയ്യുന്ന യൗസേപ്പിതാവിൻ്റെ സന്നിധിയിൽ പ്രത്യാശയോടെ നമുക്കണയാം.