News

സംഘടിച്ച് ക്രൈസ്തവര്‍: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ഇരമ്പി

പ്രവാചകശബ്ദം 04-10-2021 - Monday

തിരുവനന്തപുരം: എരുമേലിയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തുക, ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങീയ വിവിധ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം. ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലും കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, സി‌എസ്‌ഐ, മാർത്തോമാ സഭകൾ, പെന്തക്കോസ്ത് സഭകകളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ പ്ലക്കാര്‍ഡുകളുമേന്തി പങ്കെടുത്തു. ലവ് ജിഹാദിനെതിരേയും നാര്‍ക്കോട്ടിക് ഭീകരതയ്‌ക്കെതിരേയും തീവ്രവാദത്തിനെതിരേയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

സിബിഐ കേസ് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ജസ്‌ന കേസില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയും നാര്‍ക്കോ ടെററിസം വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുമായിരിന്നു മാര്‍ച്ച്. മുന്‍ എം‌എല്‍‌എ പി‌സി ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി. എല്ലാവരും വലതുകരമുയര്‍ത്തി സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടായിരിന്നു ഉദ്ഘാടനം. നാര്‍ക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിലപാടുകള്‍ക്കും സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

രാജ്യസുരക്ഷയും തീവ്രവാദവും എന്ന വിഷയത്തിൽ ജെയിംസ് പാണ്ടനാടും :മൗദൂദിസം സമകാലിക രാഷ്ട്രീയത്തിൽ എന്ന വിഷയത്തിൽ ഫാ. ജോൺസൺ തേക്കടയിലും അടക്കം വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സന്ദേശം നല്‍കി. ക്രൈസ്തവ സംഘടനകളായ ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ), ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ ഫെഡറേഷന്‍ (ഡി‌സി‌എഫ്), പ്രൊട്ടക്ടേഴ്സ് ഓഫ് ലൈഫ് ആന്‍ഡ് റൈറ്റ് (പി‌എല്‍‌ആര്‍), യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു‌സി‌എഫ്), എക്ലേസിയ യുണൈറ്റഡ് ഫോറം (ഇ‌യു‌എഫ്), പെന്തക്കോസ്തല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

അതേസമയം ലവ് ജിഹാദ് കേരളത്തില്‍ സജീവ വിഷയമായി കത്തിനില്‍ക്കുന്നതിനിടെയാണ് ജെസ്‌നയുടെ തിരോധാനം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ ഏറെക്കാലം അന്വേഷിച്ചതിനു ശേഷം അന്വേഷണം സിബിഐക്കു വിട്ടിരുന്നു. പക്ഷേ, ഇതുവരെയും ജെസ്‌ന എവിടെയാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.


Related Articles »