Arts

അന്താരാഷ്ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ജപമാല നിര്‍മ്മാണവുമായി കൊറിയന്‍ വിശ്വാസികള്‍

പ്രവാചകശബ്ദം 12-10-2021 - Tuesday

സിയോള്‍: അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ജപമാലകള്‍ നിര്‍മ്മിച്ച് ദക്ഷിണ കൊറിയയിലെ സുവോണ്‍ രൂപതയിലെ സാന്‍ബോണ്‍-ഡോങ് ഇടവകയിലെ വിശ്വാസികള്‍. വിശ്വാസികളെ പ്രാര്‍ത്ഥിക്കുവാനും, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജപമാലയും സാമ്പത്തിക സഹായവും നല്‍കുവാന്‍ പദ്ധതിയിട്ടുകൊണ്ടാണ് ജപമാലകള്‍ നിര്‍മ്മിക്കുന്നത്. പുതിയ വസ്തുക്കളും, പഴയ ജപമാലകള്‍ റീസൈക്കിള്‍ ചെയ്തുമാണ് ജപമാലകള്‍ നിര്‍മ്മിക്കുന്നത്. ജപമാല രാജ്ഞിയുടെ മാസമായ ഈ ഒക്ടോബര്‍ മാസത്തില്‍ ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരേയുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍ ഇവര്‍ തയാറാക്കിയ ജപമാല ഉപയോഗിക്കപ്പെടും.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്ന കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്നതിനായി മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്ക് ജപമാലകള്‍ അയച്ചു കൊണ്ടിരിക്കുകയാണെന്ന്‍ അസോസിയേഷന്‍ പ്രസിഡന്റായ ഫാ. ചോ നാം-ഗു പറയുന്നു. പുതിയ ജപമാലകള്‍ വിറ്റഴിക്കുന്ന പണവും അന്താരാഷ്‌ട്ര മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ഫെബ്രുവരി ​മാസത്തിലാണ് റോസറി കോണ്‍സെക്രേഷന്‍ അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഒഴിവ് സമയമാണ് സംഘം ജപമാല നിര്‍മ്മാണത്തിനായി വിനിയോഗിക്കുന്നത്. പാപുവ ന്യൂഗിനിയ, പെറു, തെക്കന്‍ സുഡാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം തന്നെ ആയിരത്തിഅറുനൂറോളം ജപമാലകള്‍ അയച്ചു കഴിഞ്ഞു. ഔര്‍ ലേഡി ഓഫ് പെര്‍പ്പെച്ച്വല്‍ ഹെല്‍പ് സഭാംഗമായ സിസ്റ്റര്‍ കിം ഇന്‍-സുക് ആണ് റോസറി ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്. പ്രകൃതിക്കിണങ്ങുന്ന രീതിയില്‍ പ്ലാസ്റ്റിക് അധികമായി ഉപയോഗിക്കാതെയാണ് നിര്‍മ്മാണം. ഈ വര്‍ഷത്തെ വില്‍പ്പന വഴി ലഭിച്ച ഏതാണ്ട് 3,659,000 വോണ്‍ ($ 3,059) മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു കഴിഞ്ഞു.

തങ്ങള്‍ നിര്‍മ്മിച്ച ജപമാലകള്‍ ലഭിക്കുന്നവര്‍ ജപമാല പ്രാര്‍ത്ഥനയുടെ പ്രേരകശക്തികളായി മാറണമെന്നാണ് അസോസിയേഷന്‍ അംഗങ്ങളുടെ പ്രാര്‍ത്ഥന. സാന്‍ബോണ്‍-ഡോങ് ഇടവക ദേവാലയത്തേ ജപമാല രാജ്ഞിക്കായി സമര്‍പ്പിച്ചതിന്റെ ഇരുപത്തിയഞ്ചാമത് വാര്‍ഷികമായിരുന്നു കഴിഞ്ഞ വര്‍ഷം. ഇതില്‍ നിന്നുമാണ് ജപമാലകള്‍ നിര്‍മ്മിക്കുവാനുള്ള ആശയം ഉരുത്തിരിഞ്ഞത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഒരു കോടി ജപമാലകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്.


Related Articles »