Life In Christ - 2024
അനേകരുടെ ഹൃദയം കവര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ ദിവ്യകാരുണ്യ പ്രദക്ഷിണം
പ്രവാചകശബ്ദം 14-10-2021 - Thursday
ന്യൂയോര്‍ക്ക് സിറ്റി: ഫാത്തിമായിലെ പരിശുദ്ധ കന്യകാമാതാവിന്റെ സൂര്യാത്ഭുതത്തിന്റെ നൂറ്റിനാലാമത് വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി അമേരിക്കയിലെ തിരക്കേറിയ വാണിജ്യ, ടൂറിസ്റ്റ് സിരാകേന്ദ്രമായ ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്‌ക്വയറിൽ കഴിഞ്ഞ ദിവസം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 'അപ്പസ്തോലന്‍മാര്‍ തുടങ്ങിവെച്ച സുവിശേഷവല്‍ക്കരണം മുന്നോട്ട് കൊണ്ടുപോവുക' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നാപാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് നേതൃത്വം നല്‍കിയത്.
ജപമാലയും മരിയന്‍ ഗീതങ്ങളും ഉള്‍പ്പെടെ ഭയഭക്തിയോടെ നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ വൈദികരും, സന്യസ്ഥരും, അത്മായരും പങ്കെടുത്തു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലൂടെ നീങ്ങുന്ന മനോഹരമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലും ഇതര നവമാധ്യമങ്ങളിലും നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. തന്റെ പൗരോഹിത്യ ജീവിതത്തിന്റെ ‘ഏറ്റവും മനോഹരവും, ശക്തവുമായ ഉദ്യമം’ എന്നാണ് ന്യൂയോര്‍ക്കിലെ റോക്ക്വില്ലെ സെന്റര്‍ രൂപതയിലെ ഫാ. മൈക്കേല്‍ ഡഫി പ്രദിക്ഷണത്തിന്റെ ഫോട്ടോ സഹിതം ട്വീറ്റ് ചെയ്തിരിക്കുന്നത്.
“ഇന്നലെ വൈകിട്ട് ഞങ്ങൾ യേശുവിനെ ന്യൂയോര്‍ക്കിന്റെ തെരുവിലേക്ക് കൊണ്ടുവന്നു. നിരവധി ആളുകളാണ് പരിപാടിയില്‍ ആകൃഷ്ടരായത്. പലരും ഞങ്ങളോടൊപ്പം ചേരാൻ താല്‍പ്പര്യം കാണിച്ചു. ശ്രദ്ധേയമായ ഒരു സായാഹ്നമായിരുന്നു അത്. എന്റേത് ഉള്‍പ്പെടെ നിരവധി പേരുടെ ഹൃദയങ്ങളെ ഇത് സ്പര്‍ശിച്ചു”- ഫാ. മൈക്കേല്‍ ഡഫിയുടെ ട്വീറ്റില്‍ പറയുന്നു. 1917 ഒക്ടോബര്‍ 13നാണ് ഫാത്തിമായിലെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുടെ പൂര്‍ണ്ണതയായ സൂര്യാത്ഭുതം സംഭവിച്ചത്. പതിനായിരകണക്കിനു ആളുകളാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്. ഈ സംഭവത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.