News - 2024

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയതില്‍ പ്രതിഷേധവുമായി പാക്ക് ക്രൈസ്തവര്‍

പ്രവാചകശബ്ദം 20-10-2021 - Wednesday

ഇസ്ലാമാബാദ്: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനുള്ള കരടുനിയമം തള്ളിയ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് പാക്കിസ്ഥാനിലെ പ്രൊട്ടസ്റ്റന്റ് സമൂഹമായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍. ഇസ്ലാം വിരുദ്ധ നിയമം എന്ന പേരില്‍ തള്ളിയ നടപടി പാക്കിസ്ഥാനിലെ മുസ്ലിം ഇതര സമുദായങ്ങളില്‍ ഭയവും അരക്ഷിതാവസ്ഥയും വിതയ്ക്കുന്നതായി ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ബിഷപ്പ് ആസാദ് മാര്‍ഷല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ സ്വമനസാലെ മതം മാറുന്നതിനു തങ്ങള്‍ എതിരല്ലായെന്നും എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ചു മതം മാറ്റി വിവാഹം ചെയ്യിക്കുന്നത് അംഗീകരിക്കാനാവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ തടയുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലിനെ പാക്കിസ്ഥാന്‍ റിലീജിയസ് അഫയേഴ്സ് ആന്‍ഡ്‌ ഹാര്‍മണി മന്ത്രാലയവും, കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജിയും (സി.ഐ.ഐ) തള്ളിക്കളഞ്ഞതില്‍ കത്തോലിക്ക സഭ നേരത്തെ പ്രതിഷേധം അറിയിച്ചിരിന്നു. നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്ന പാക്ക് മെത്രാന്‍ സമിതിയുടെ മനുഷ്യാവകാശ വിഭാഗമായ നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ (എന്‍.സി.ജെ.പി) ഇത് മതസ്വാതന്ത്ര്യത്തിന് എതിരാണെന്നു പ്രസ്താവിച്ചിരിന്നു. പാക്കിസ്ഥാനില്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നടക്കമുള്ള മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായുള്ള പരാതികള്‍ വ്യാപകമാണ്.

വര്‍ഷംതോറും ക്രിസ്ത്യന്‍, ഹൈന്ദവ വിഭാഗങ്ങളില്‍പെടുന്ന ആയിരത്തോളം പെണ്‍കുട്ടികള്‍ പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനിരയാകുന്നുണ്ടെന്നാണ് ‘സി.സി.ജെ.പി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം തട്ടിക്കൊണ്ടുപോകപ്പെടുന്ന പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം ചെയ്ത് നിര്‍ബന്ധിത വിവാഹത്തിനിരയാക്കുകയാണ്‌ പതിവ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സി.സി.ജെ.പി പറയുന്നത്.


Related Articles »