India - 2025

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന ആവശ്യം ശക്തമാകുന്നു

പ്രവാചകശബ്ദം 26-10-2021 - Tuesday

കൊച്ചി: ജി 20യോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകള്‍ക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന്‍ ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍, കെആര്‍എല്‍സിസി സംഘടനകള്‍. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം ഇതിനോടകം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിട്ടുള്ളതാണ്.

കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് പലതവണ പറഞ്ഞെങ്കിലും ഇക്കാലമത്രയും യാതൊരു നടപടിയുണ്ടായിട്ടില്ല. ഈ മാസം 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കായി 29ന് റോമിലെത്തുന്ന സന്ദര്‍ഭം നല്ലൊരു അവസരമാക്കി മാര്‍പാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫ്രാന്‍സിസ് പാപ്പായെ ഭാരതം സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കെആര്‍എല്‍സിസിയും ആവശ്യപ്പെട്ടു. നേരത്തെ ഭാരത കത്തോലിക്ക സഭയുടെ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഭാരതത്തിലെ ക്രൈസ്തവ സമൂഹവും ലോകവും ഈ സന്ദര്‍ശനം ആഗ്രഹിക്കുന്നുവെന്നും കെആര്‍എല്‍സിസി പ്രസ്താവനയില്‍ പറഞ്ഞു.


Related Articles »