India - 2025
'സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകും'
പ്രവാചകശബ്ദം 16-11-2021 - Tuesday
തൊടുപുഴ: സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ മൈലക്കൊന്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സഭ ദരിദ്രരുടെ പക്ഷത്താണെന്ന് ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. പി.ജെ.ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
സീറോമലബാര്‍ സഭയുടെ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി മൂലയില്‍, മൈലക്കൊന്പ് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കാക്കനാട്ട്, പ്രോലൈഫ് അപ്പോസ്റ്റലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, ഫെഡറേഷന്‍ ഓഫ് മെന്റലി ഡിസേബിള്‍ഡ് സെക്രട്ടറി സന്തോഷ് ജോസഫ്, ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ലൗവ് ഹോം രക്ഷാധികാരി മാത്തപ്പന്‍ കടവൂര്‍, കെസിബിസി പ്രൊലൈഫ് സമിതി ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി, ബേബി ചിറ്റിലപ്പള്ളി, ടോമി മാത്യു, ബെന്നി ഓടയ്ക്കല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.