Life In Christ
ഒന്നര പതിറ്റാണ്ടിനിടെ '40 ഡെയ്സ് ഫോര്‍ ലൈഫ്' രക്ഷിച്ചത് 20,368 കുരുന്നു ജീവനുകളെ
പ്രവാചകശബ്ദം 29-11-2021 - Monday
ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടിയുള്ള “ജീവന് വേണ്ടി 40 ദിവസങ്ങള്‍” (40 ഡെയ്സ് ഫോര്‍ ലൈഫ്) പ്രചാരണ പരിപാടി സുപ്രധാന നേട്ടത്തിലേക്ക്. 2007 മുതല്‍ ഇതുവരെ ഇരുപതിനായിരത്തിലധികം കുരുന്നു ജീവനുകളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസിഡന്റും, സി.ഇ.ഒ യുമായ ഷോണ്‍ കാര്‍ണി ഇക്കഴിഞ്ഞ ആഴ്ച യു ട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തി. 40 ദിവസങ്ങള്‍ പ്രാര്‍ത്ഥനയിലൂടെയും, ഉപവാസത്തിലൂടേയും, ജാഗരണ പ്രാര്‍ത്ഥനയിലൂടേയും അബോര്‍ഷന്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രചാരണ പരിപാടിയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ്'.
ഒരു അമ്മയാകുക എന്നതിനേക്കാള്‍ തികഞ്ഞതായി മറ്റൊന്നുമില്ലെന്ന്‍ പറഞ്ഞ ഷോണ്‍ പ്രതിവര്‍ഷം ലോകമെമ്പാടുമായി ഏതാണ്ട് 5.6 കോടി ശിശുക്കള്‍ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ രക്ഷിച്ച കുരുന്നുകള്‍ക്ക് ഇപ്പോള്‍ ഒരു പേരുണ്ട്. അവര്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ പോകുവാനും, കളിക്കുവാനും, മറ്റു കുട്ടികള്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളും ചെയ്യുവാനും തുടങ്ങി. തങ്ങളുടെ ഈ വര്‍ഷത്തെ ശൈത്യകാല പ്രചാരണ പരിപാടി വഴി 6 ജോടി ഇരട്ടകളേയും, തങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രസവത്തിലുണ്ടായ 3 ശിശുക്കളേയും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്നും വെളിപ്പെടുത്തി.. സംഘടനയുടെ ശക്തമായ പ്രവര്‍ത്തനം വഴി മൂന്നു പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ ജോലി ഉപേക്ഷിച്ചുവെന്നും, നിരവധി അബോര്‍ഷന്‍ ക്ലിനിക്കുകള്‍ അടച്ചു പൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കുള്ളില്‍ 20,368 കുരുന്നു ജീവനുകളെ അബോര്‍ഷന്‍ ചെയ്യപ്പെടുന്നതില്‍ നിന്നും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍ പറയുന്നത്. അബോര്‍ഷന്റെ അവസാനത്തിനു വേണ്ടി വിശ്രമമില്ലാതെ പോരാടിയ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ മില്‍വോക്കി ജില്ലാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍ മില്ലര്‍ നന്ദി അറിയിച്ചു. നിങ്ങള്‍ കാരണമാണ് ഇന്ന് 20,000-ത്തോളം കുട്ടികള്‍ ജീവിച്ചിരിക്കുന്നതെന്ന് പറഞ്ഞ മില്ലര്‍ ഈ കുട്ടികളെ സംബന്ധിച്ച് ദൈവത്തിന് ഒരു പദ്ധതി ഉണ്ടായിരുന്നെന്നും, നിങ്ങള്‍ ആ പദ്ധതിയുടെ ഭാഗമായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള അറുപതിലധികം രാജ്യങ്ങളിൽ ഭ്രൂണഹത്യയ്ക്കെതിരെ ക്യാംപെയിനുകള്‍ നടത്തുന്ന ഒരു അന്താരാഷ്ട്ര സംഘടനയായ '40 ഡേയ്‌സ് ഫോർ ലൈഫ്' 2004-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.