Arts - 2024

വൈവിധ്യത്താല്‍ നിറഞ്ഞ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ പുല്‍ക്കൂട്‌ കൊളംബിയയില്‍

പ്രവാചകശബ്ദം 30-11-2021 - Tuesday

കൊളംബിയ: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ പുല്‍ക്കൂട് എന്ന വിശേഷണവുമായി കൊളംബിയയിലെ വെനീസ് മുനിസിപ്പാലിറ്റിയിലെ ആന്റിയോക്കിയയിലെ സാന്‍ ജോസ് ദേവാലയത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട്‌ ശ്രദ്ധ നേടുന്നു. വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം കൂടിയായ സാന്‍ ജോസ് ദേവാലയത്തില്‍ 250 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പുല്‍ക്കൂട് ഒരുക്കിയിരിക്കുന്നത് പ്രമുഖ വാസ്തുകലാ വിദഗ്ദനായ ലൂയിസ് ഫെര്‍ണാണ്ടോ ബെറ്റാന്‍കോര്‍ട്ടാണ്.

ഖനികളില്‍ നിന്നും കല്‍ക്കരി കൊണ്ടുവരുന്ന ട്രെയിന്‍, പനേല എന്നറിയപ്പെടുന്ന മിഠായി ഉണ്ടാക്കുന്നവര്‍, ക്രിസ്തുമസ് കാലത്ത് ആശംസകളുമായി ബലൂണുകള്‍ പറത്തുന്നവര്‍, ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍മാരുടെ ആശ്രമം, ബേക്കറി തൊഴിലാളികള്‍, മുടിവെട്ടുകാര്‍, ഇറച്ചിവെട്ടുന്നവര്‍ തുടങ്ങി ആന്റിയോക്കിയന്‍ ജനതയുടെ ദൈനംദിന ജീവിതത്തിലെ വിവിധ രംഗങ്ങളും പുല്‍ക്കൂടിന്റെ പ്രമേയത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

വെള്ളത്തിന്റെ ശക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന നൂറ്റിനാല്‍പ്പതോളം യാന്ത്രിക ചലനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 25 മീറ്റര്‍ നീളമുള്ള നദിയാണ് പുല്‍ക്കൂടിന്റെ മറ്റൊരു സവിശേഷത. ആന്റിയോക്കിയ ഡിപ്പാര്‍ട്ട്മെന്റിലെ മെഡെലിന്‍ തലസ്ഥാനമായിട്ടുള്ള പരമ്പരാഗത പട്ടണത്തിന്റെ മാതൃകയും പുല്‍ക്കൂടിലുണ്ട്. 10 പേരടങ്ങുന്ന സംഘം 20 ദിവസത്തോളം പരിശ്രമിച്ചതിന്റെ ഫലമാണ് ഈ പുല്‍ക്കൂടെന്നും, കഴിഞ്ഞ 14 വര്‍ഷങ്ങളായി ഈ പുല്‍ക്കൂട്‌ നിര്‍മ്മിച്ചു വരുന്നുണ്ടെന്നും ബെറ്റാന്‍കോര്‍ട്ട് 'എല്‍ കൊളംബിയാനോ' പത്രത്തോട് പറഞ്ഞു.

ഓരോ വര്‍ഷവും പുല്‍ക്കൂടിന്റെ വലുപ്പം വര്‍ദ്ധിച്ചു കൊണ്ടാണിരിക്കുന്നതെന്നും സന്ദര്‍ശിക്കുവാന്‍ വരുന്ന ആളുകളുടെ എണ്ണവും വര്‍ഷംതോറും കൂടിക്കൊണ്ടാണിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. പുല്‍ക്കൂട്‌ അതിന്റെ അടിത്തട്ടിലെ വിവിധ രൂപങ്ങളില്‍ നിന്നും തുടങ്ങി മുകളില്‍ യേശുവിലെത്തിയാണ് അവസാനിക്കുന്നതെന്നു സാന്‍ ജോസിലെ ഇവടക വികാരിയായ ഫാ. എഡിസണ്‍ ഡെ ജെസുസ്‌ ഒര്‍ട്ടേഗ പറഞ്ഞു. നമ്മുടെ ജീവിതം എപ്പോഴും യേശുവിനോടൊപ്പമാണെന്നും യേശുവിലേക്കാണത് നയിക്കുന്നതെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി പേരാണ് കുടുംബത്തോടൊപ്പം ഈ മനോഹര നിര്‍മ്മിതി കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »