Arts - 2024

ഇസബെലിന്റെ പോരാട്ടത്തിന് ഫലം; ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ പുല്‍ക്കൂട്

02-12-2022 - Friday

ബ്രസ്സല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിന്റെ (എം.ഇ.പി) ചരിത്രത്തിലാദ്യമായി ബ്രസ്സല്‍സിലെ പാര്‍ലമെന്റ് ആസ്ഥാന മന്ദിരത്തില്‍ പുല്‍ക്കൂട്. യൂറോപ്യന്‍ പാര്‍ലമെന്റിലെ സ്പാനിഷ് പ്രതിനിധിയായ ഇസബെല്‍ ബെഞ്ചുമിയ നടത്തിയ നിരന്തര പോരാട്ടമാണ് ‘എം.ഇ.പി’യില്‍ തിരുപ്പിറവി ദൃശ്യം ഒരുങ്ങുന്നതിന് കാരണമായത്. ക്രിസ്ത്യന്‍ വേരുകളെ കൂടാതെ യൂറോപ്പിനെ മനസ്സിലാക്കുവാന്‍ സാധ്യമല്ലായെന്നു ബെഞ്ചുമിയ പറഞ്ഞു. ഇതിനുവേണ്ടി മൂല്യവത്തായ പോരാട്ടമാണ് താന്‍ നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലേക്കും, ഏഷ്യയിലേക്കും വേണ്ടി നിരവധി പുല്‍ക്കൂടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള സ്പാനിഷ് പുല്‍ക്കൂട് നിര്‍മ്മാണ വിദഗ്ദനായ ജെസുസ്‌ ഗ്രിനാന്‍ കൈകൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂടാണ് യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

പൂജരാജാക്കന്‍മാര്‍ ഉണ്ണീശോയെ സന്ദര്‍ശിക്കുന്നത് അടക്കമുള്ള ക്രമീകരിച്ചിരിക്കുന്ന പുല്‍ക്കൂട് ജനുവരി 6 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് ആസ്ഥാന മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കും. തിരുപ്പിറവി ദൃശ്യം ആസ്വദിക്കുകയെന്നത് ക്രിസ്തുമസിന്റെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണെന്ന് കത്തോലിക്ക വിശ്വാസിയായ ബെഞ്ചുമിയ പറയുന്നു. ഉണ്ണിയേശുവിന്റെ രൂപമുള്ള തിരുപ്പിറവി ദൃശ്യം സുവിശേഷ പ്രഘോഷണത്തിനുള്ള മനോഹരമായ മാര്‍ഗ്ഗം കൂടിയാണെന്ന് പറഞ്ഞ ബെഞ്ചുമിയ വിശ്വാസം മറ്റുള്ളവരിലേക്ക് കുത്തിവെക്കുവാനുള്ളതല്ലെങ്കിലും, സ്ഥാപനങ്ങള്‍ മറന്ന വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിന്റെ ചരിത്രമോ, സംസ്കാരമോ, കലയോ അതിന്റെ ക്രിസ്തീയ വേരുകളെ കൂടാതെ മനസ്സിലാക്കുവാന്‍ കഴിയില്ല. അതിന്റെ ക്രിസ്തീയ വേരുകളെ സംരക്ഷിക്കണമെന്നും ബെഞ്ചുമിയ ആവശ്യപ്പെട്ടു. പുല്‍ക്കൂട് സ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് പ്രസിഡന്റിന്റെ കാര്യാലയത്തേയാണ് ബെഞ്ചുമിയ ആദ്യം സമീപിച്ചത്. വിശ്വാസപരമായ ഉള്ളടക്കമുള്ളതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടി മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം ബെഞ്ചുമിയക്ക് ലഭിച്ചു. എന്നാല്‍ പ്രാഡോ മ്യൂസിയത്തിലെ കലകള്‍ യൂറോപ്യരെ ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമാണെന്ന് ഓര്‍മ്മിപ്പിക്കില്ലേ? എന്ന മറുചോദ്യമാണ് ബെഞ്ചുമിയ ഉന്നയിച്ചത്.

ഓരോ ദിവസവും വിവിധ ആചരണങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന വ്യവസ്ഥാപിത കൂട്ടായ്മ എന്തുകൊണ്ടാണ് ക്രിസ്തുമസ്സിന്റെ കാര്യം വരുമ്പോള്‍ പിന്‍വലിയുന്നതെന്നും അവര്‍ ചോദ്യമുയര്‍ത്തി. തന്റെ ആവശ്യം നിറവേറുന്നത് വരെ ബെഞ്ചുമിയ തന്റെ പോരാട്ടം തുടരുകയായിരുന്നു. ‘എം.ഇ.പി’യുടെ നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്സോളയുടേയും, യൂറോപ്പ്യന്‍ ചേംബറിലെ സ്പാനിഷ് പോപ്പുലര്‍ പാര്‍ട്ടി നേതാവ് ഡോളോര്‍സ് മോണ്ട്സെറാറ്റിന്റേയും പിന്തുണ ഇക്കാര്യത്തില്‍ ബെഞ്ചുമിയക്ക് ലഭിച്ചിട്ടുണ്ട്. സ്പാനിഷ് പോപ്പുലര്‍ പാര്‍ട്ടി പ്രതിനിധികളാണ് പുല്‍ക്കൂടിന്റെ ചെലവ് വഹിക്കുക.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »