India - 2024

ജംനലാല്‍ ബജാജ് പുരസ്കാരം സിസ്റ്റര്‍ ലൂസി കുര്യന്

പ്രവാചകശബ്ദം 02-12-2021 - Thursday

കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള 2021ലെ ജംനലാല്‍ ബജാജ് പുരസ്കാരം മാഹേര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപക സിസ്റ്റര്‍ ലൂസി കുര്യന്. പത്തു ലക്ഷം രൂപയും ബഹുമതിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം ആറിനു നൊബേല്‍ സമ്മാനജേതാവ് കൈലാഷ് സത്യാര്‍ഥി സമര്‍പ്പിക്കും. ബംഗളൂരു ആസ്ഥാനമായ ജംനലാല്‍ ബജാജ് ഫൗണ്ടേഷനാണു പുരസ്കാരം ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ കോളയാട് സ്വദേശിനിയായ സിസ്റ്റര്‍ ലൂസി കുര്യന്‍ 1997 ല്‍ പൂനെയിലാണു പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനു മാഹേര്‍ പ്രസ്ഥാനം തുടങ്ങിയത്.

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ 58 വീടുകളിലായി രണ്ടായിരത്തോളം അനാഥര്‍ക്ക് പ്രസ്ഥാനം സംരക്ഷണം നല്‍കുന്നുണ്ട്. ജാതി മത കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കതീതമായ സര്‍വമത സ്‌നേഹസേവന സംരംഭമാണ് മാഹേര്‍. എറണാകുളം ജില്ലയില്‍ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളിയില്‍ നിരാലംബരായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അമ്മവീട്, മുതിര്‍ന്ന പെണ്‍കുട്ടികളുടെ മാഹേര്‍ സ്‌നേഹകിരണ്‍, പുരുഷന്‍മാരുടെ മാഹേര്‍ സ്‌നേഹകിരണ്‍, മാഹേര്‍ സ്‌നേഹതീരം എന്നീ സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.


Related Articles »