News

നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്നത് ക്രൂരമായ പീഡനം: മതസ്വാതന്ത്ര്യ ലംഘന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി അപലപിച്ച് ബിഷപ്പ്‌

പ്രവാചകശബ്ദം 18-12-2021 - Saturday

അബൂജ: ലോകത്ത് ഏറ്റവുമധികം മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടത്തുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഈ വര്‍ഷത്തെ പട്ടികയില്‍ നിന്നും നൈജീരിയയെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നൈജീരിയന്‍ മെത്രാന്‍. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ മതപീഡനങ്ങളുടെ നേര്‍സാക്ഷിയാണ് താനെന്നും, തങ്ങളെ സംബന്ധിച്ചിടത്തോളം നൈജീരിയയിലെ മതപീഡനം മുന്‍പത്തേക്കാളും അധികം വര്‍ദ്ധിച്ചിരിക്കുകയാണെന്നും അഡാമാവ സംസ്ഥാനത്തിലെ യോളാ രൂപതാധ്യക്ഷനായ ബിഷപ്പ് സ്റ്റീഫന്‍ ദാമി മംസ ‘റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പ്രത്യേകം നിരീക്ഷിക്കേണ്ട രാഷ്ട്രങ്ങളുടെ (സി.പി.സി) വിഭാഗത്തിലായിരുന്നു നൈജീരിയയുടെ സ്ഥാനം.

എന്നാല്‍ നവംബര്‍ പകുതിയോടെ പുറത്തിറക്കിയ ഈ വര്‍ഷത്തെ പട്ടികയില്‍ നൈജീരിയയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യു.എസ് കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) 2009 മുതല്‍ നൈജീരിയയെ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വരികയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നവംബര്‍ 18-19 തിയതികളിലെ നൈജീരിയന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു ഈ നടപടി എന്നത് സംശയാസ്പദമായി തുടരുന്നുണ്ടെങ്കിലും നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. എപ്രകാരമാണ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന നൈജീരിയയില്‍ നിന്നും ഇപ്പോഴത്തെ നൈജീരിയ വ്യത്യസ്തമാകുന്നതെന്ന്‍ ചോദ്യമുയര്‍ത്തിയ ബിഷപ്പ്, നൈജീരിയയെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനു അടിസ്ഥാനമായ തെളിവുകളോ കാരണമോ കാണിക്കണമെന്നും ബ്ലിങ്കനോട് ആവശ്യപ്പെട്ടു.

എല്ലാവരെയും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നൈജീരിയയിലെ തീവ്രവാദി ആക്രമണങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നു ബിഷപ്പ് മംസ പറയുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന്റെ ആക്രമണങ്ങള്‍ കാരണം ഏതാണ്ട് 4,00,000-ത്തോളം ഭവനരഹിതരാണ് യോളായില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ നൈജീരിയയില്‍ ഏതാണ്ട് അറുപതിനായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഈ വര്‍ഷത്തെ ആദ്യ 200 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദിവസം ശരാശരി 17 പേര്‍ എന്ന കണക്കില്‍ ഏതാണ്ട് 3,462 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കാത്തലിക് ന്യൂസ് ഏജന്‍സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിക മേല്‍ക്കോയ്മയുള്ള സര്‍ക്കാരാണ് നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണമായി ബിഷപ്പ് ചൂണ്ടിക്കാട്ടുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അഭ്യര്‍ത്ഥിച്ച ബിഷപ്പ് വിശ്വാസത്തിനു വേണ്ടി മരിക്കാനും തങ്ങള്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് അഭിമുഖം അവസാനിപ്പിച്ചത്. ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികളാണ് ഇപ്പോള്‍ നടക്കുന്ന കൊലപാതകങ്ങളില്‍ ഭൂരിഭാഗവും നടത്തുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 722