India - 2025
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
ഡോ. ഡെയ്സൻ പാണേങ്ങാടൻ/ പ്രവാചകശബ്ദം 30-12-2021 - Thursday
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് .ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കാണ്, മുഖ്യപരിഗണന.ബി.പി.എൽ.വിഭാഗത്തിൽ നിന്നുള്ള അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. എന്നാൽ അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്.അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ആണ്.
2021-22 അദ്ധ്യയന വർഷത്തേക്ക് ,ജനസംഖ്യാനുപാതികമായി നൽകുന്ന സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് നൽകുന്നത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ്. ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കു പുറമെ,മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും പ്രഫഷണൽ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിനേ അപേക്ഷിക്കാവൂ.കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിനായി അപേക്ഷിക്കാം.
ബിരുദത്തിന് പഠിക്കുന്നവർക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്ക് 6,000 രൂപയും, പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്ക് 7,000 രൂപയും ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപയും വീതവുമാണ് പ്രതിവർഷ സ്‌കോളർഷിപ്പ്. ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാത്തവർക്കും ഈ അധ്യയന വർഷത്തേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയിരിക്കണം.
** ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്:
** കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.