Life In Christ - 2024

ജീവന്റെ മൂല്യം വീണ്ടും പ്രഘോഷിക്കാൻ വാഷിംഗ്ടണിലെ 'മാർച്ച് ഫോർ ലൈഫ്' റാലി 21ന്

പ്രവാചകശബ്ദം 12-01-2022 - Wednesday

വാഷിംഗ്ടൺ ഡി.സി: ഓരോ ജീവനും അമൂല്യമാണെന്ന് പ്രഘോഷിച്ച് ഗർഭചിദ്രം എന്ന മാരക തിന്മയ്ക്കെതിരെ ലോകത്തിന് മുന്നിൽ പ്രോലൈഫ് സമൂഹത്തിന്റെ ശബ്‍ദമാകുന്ന നാൽപ്പത്തിയൊൻപതാമത് മാർച്ച് ഫോർ ലൈഫ് റാലിയ്ക്കു വാഷിംഗ്ടൺ ഡിസി തയ്യാറെടുക്കുന്നു. 21നു നടക്കുന്ന റാലിയിൽ പ്രസംഗിക്കുന്നവരുടെ പട്ടിക സംഘാടകർ പുറത്തുവിട്ടു. പ്രശസ്ത കത്തോലിക്ക പ്രഭാഷകനും വൈദികനുമായ ഫാ. മൈക്ക് ഷ്മിറ്റ്സ്, ഹോളിവുഡ് നടൻ കിർക്ക് കാമറൂൺ, രണ്ടു കോൺഗ്രസ് അംഗങ്ങൾ തുടങ്ങിയവർ അടക്കമുള്ള പ്രാസംഗികരുടെ മുൻനിര പട്ടികയിലുണ്ട്. മറ്റുള്ളവരെപ്പോലെ തന്നെ ഗർഭസ്ഥശിശുവിന് അവകാശങ്ങളും, നിയമം വഴിയുള്ള സംരക്ഷണവും ലഭിക്കാൻ അർഹതയുണ്ടെന്നുളള ബോധ്യം അമേരിക്കക്കാർക്ക് ഉണ്ടെന്ന് മാർച്ച് ഫോർ ലൈഫ് എജുക്കേഷൻ ആൻഡ് ഡിഫൻസ് ഫണ്ടിന്റെ അധ്യക്ഷ ജിയാനി മൻസീനി പറഞ്ഞു.

1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിയെ മറികടക്കാൻ ഉതകുന്ന ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മിസിസിപ്പി ഭ്രൂണഹത്യ കേസിൽ അനുകൂലവിധി ഉണ്ടാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു. "ഇക്വാലിറ്റി ബിഗിൻസ് ഇൻ ദി വൂമ്പ്" എന്നാണ് ഇത്തവണത്തെ റാലിയുടെ ആപ്തവാക്യം. വെർജീനിയയിലെ ക്രിസ്ത്യൻഡം കോളേജ് വിദ്യാർത്ഥികളും, ഇമ്മാനുവൽ ലൂഥറൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും റാലിക്ക് നേതൃത്വം നൽകും. പ്രമുഖ ക്രൈസ്തവ നേതാക്കൾ പങ്കെടുക്കുന്ന റാലിയിലെ സമാപന പ്രാർത്ഥന നയിക്കുന്നത് ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്ക് അസോസിയേഷനിലെ സിസി ഗ്രഹാം ലിഞ്ച് ആയിരിക്കും. ലോകത്തെ തന്നെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന പ്രോലൈഫ് റാലിയാണ് വർഷം തോറും നടക്കുന്ന 'മാർച്ച് ഫോർ ലൈഫ്'. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വളരെ കുറച്ച് ആളുകൾ മാത്രമാണ് കഴിഞ്ഞ വർഷത്തെ റാലിയിൽ പങ്കെടുത്തത്.

More Archives >>

Page 1 of 70