Life In Christ - 2024

മതം മാറിയാല്‍ രക്ഷപ്പെടാമായിരിന്നു, വഴങ്ങിയില്ല: ഒടുവില്‍ വ്യാജ മതനിന്ദ കേസില്‍ പാക്ക് ക്രൈസ്തവന് വധശിക്ഷ

പ്രവാചകശബ്ദം 19-01-2022 - Wednesday

ലാഹോര്‍: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദയുടെ പേരില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന സഫര്‍ ഭട്ടി എന്ന അന്‍പത്തിയേഴുകാരനായ ക്രൈസ്തവ വിശ്വാസിയുടെ ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തിക്കൊണ്ട് കോടതി വിധി. ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷാഹിബ്സാദ നക്വീബ് ഷെഹസാദ് സഫര്‍ ഭട്ടിയുടെ ജീവപര്യന്തം വധശിക്ഷയാക്കി മാറ്റിയത്. നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിഞ്ഞുവരുന്ന സഫര്‍ ഭട്ടി പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ ഏറ്റവുമധികം കാലം ജയിലില്‍ കഴിയുന്ന വ്യക്തികൂടിയാണ്. 2012 ജൂലൈ 22 മുതല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് അദ്ദേഹം. ഇദ്ദേഹത്തെ മതപരിവര്‍ത്തനം ചെയ്ത് ജയിലില്‍ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ പല തവണ നടന്നുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ജീസസ് വേള്‍ഡ് മിഷന്‍’ എന്ന ചെറിയ പ്രാദേശിക സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് സഫര്‍ ഭട്ടി. ഒരു മൊബൈല്‍ വഴി മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണമാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ മൊബൈലിന്റെ സിം കാര്‍ഡ് പോലും അദ്ദേഹത്തിന്റെ പേരിലല്ല എന്നതാണ് വാസ്തവം. പാക്കിസ്ഥാനി പീനല്‍ കോഡിലെ കുപ്രസിദ്ധമായ 295 C ആര്‍ട്ടിക്കിള്‍ അനുസരിച്ച് 2017-ലാണ് സഫറിനെ ജീവപര്യന്തം തടവിന് വിധിക്കുന്നത്. പ്രവാചകനേയും, പ്രവാചകന്റെ മാതാവിനേയും അപകീര്‍ത്തിപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റം. ജെയിലില്‍ വെച്ച് ഇദ്ദേഹം ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സഫര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹത്തിന്റെ പത്നി നവാബ് ബീബി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക് ജാമ്യം നേടുവാനുള്ള അവസരം കിട്ടിയെങ്കിലും കോടതിയുടെ പക്ഷപാതം കാരണം തന്റെ ഭര്‍ത്താവ് ഇപ്പോഴും ജയിലില്‍ കഴിയുകയാണെന്ന്‍ നവാബ് ബീബി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെടുമെന്ന് പലവട്ടം ആളുകള്‍ പറഞ്ഞുവെങ്കിലും അദ്ദേഹം തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും നവാബ് ബീബി പറഞ്ഞു. പ്രമേഹവും, ഹൃദയ സംബന്ധിയായ പ്രശ്നങ്ങളും, തുടര്‍ച്ചയായ തലവേദനയും ഉള്ള ഒരു രോഗിയാണ് സഫര്‍ ഭട്ടിയെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »